മലപ്പുറം: വ്യത്യസ്ത കാരണങ്ങളാല്‍ പഠനം നിര്‍ത്തിയവരും സ്‌കൂള്‍ പ്രവേശനം നേടാത്തവരുമായ കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നിലമ്പൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ എട്ട് സ്‌പെഷ്യല്‍ ട്രെയിനിങ് സെന്ററുകള്‍ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരുളായി വട്ടിക്കല്ല് കോളനിയില്‍ വെച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുരേഷ് ബാബു നിര്‍വ്വഹിച്ചു.
ജനപ്രതിനിധികള്‍, ബദല്‍ സ്‌കൂള്‍ അധ്യാപകര്‍, എസ്ടി പ്രമോട്ടര്‍മാര്‍, ബി ആര്‍ സി ജീവനക്കാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വെയില്‍ 86 ഔട്ട് ഓഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയിരുന്നു. സ്‌പെഷ്യല്‍ ട്രെയിനിങ് സെന്റര്‍ വിദ്യാ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഈ കുട്ടികള്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്‍കും. അടിസ്ഥാന ശേഷികളും ആത്മവിശ്വാസവും വിദ്യാഭ്യാസത്തില്‍ താല്‍പര്യവും ഉണ്ടാക്കി ഓരോ കുട്ടിയുടെയും പ്രായത്തിന് അനുസൃതമായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഏകദിന ക്യാമ്പില്‍ ചിത്രരചന , ശാസ്ത്രമാജിക്, നാടന്‍പാട്ട്, ഒറിഗാമി, പെയ്ന്റിംഗ് എന്നീ മേഖലകളില്‍ പരിശീലനം നല്‍കി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഇ കെ അബ്ദുറഹിമാന്‍, നിലമ്പൂര്‍ ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.മനോജ് കുമാര്‍, കരുളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ബി ഷാജു, ഊരുമൂപ്പന്‍ കണ്ണന്‍, പി. നാരായണന്‍, ക്ലസ്റ്റര്‍ റിസോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രമ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.