എറണാകുളം : കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മത്സ്യഫെഡിന് കീഴിലെ അക്വാ ടൂറിസം കേന്ദ്രങ്ങൾ 14ന് തുറന്ന് നൽകും. ഞാറയ്ക്കൽ, മാലിപ്പുറം , പാലായ്ക്കരി അക്വാ ടൂറിസം സെന്ററുകളാണ് ഓണം പ്രമാണിച്ച് തുറക്കുന്നതെന്ന് മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു. പ്രവേശനത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം . കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും അക്വാ ടൂറിസ്റ്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക.
ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർ ഒരു വാക്‌സിനേഷനെങ്കിലും എടുത്ത സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. വാക്‌സിൻ എടുക്കാത്തവർക്ക് 72 മണിക്കൂറിന് മുൻപ് എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബ്ധമായും വേണം. കുട്ടികൾക്ക് വാക്‌സിൻ ലഭിക്കാത്തതിനാൽ അവരും ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റ് എടുക്കണം. ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾ കൂട്ടം കൂടുന്നത് പൂർണമായും ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യും. ബുക്കിങ്ങിനായി 9526041267, 9400993314 , 9497031280 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.