കുഴല്‍മന്ദം ബ്ലോക്കിലെ ചെറുകുളം ക്ഷീരസംഘത്തില്‍ 5,25,000 രൂപ ചെലവില്‍ നിര്‍മ്മിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയമായ ഉപകരണങ്ങള്‍ എത്തിക്കാനും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ഉതകുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള പുതിയ കെട്ടിടം മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. പ്രാരംഭഘട്ടത്തില്‍ ചെറിയ സംഘമായി ആരംഭിച്ച ചെറുകുളം പോലുള്ള ക്ഷീരസംഘങ്ങള്‍ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളായി മാറിയിരിക്കുകയാണ്. കുഴല്‍മന്ദം, കോട്ടായി ഗ്രാമപഞ്ചായത്തുകളിലെ സംഘങ്ങള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ദിവസേന 150 കര്‍ഷകരില്‍ നിന്നായി 900 ലിറ്ററോളം പാല്‍ ഈ സംഘങ്ങളില്‍ സംഭരിക്കുന്നുണ്ട്.

കുഴല്‍മന്ദം ബ്ലോക്കിലെ ചെറുകുളം ക്ഷീരസംഘത്തില്‍ നിര്‍മ്മിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ – ഇന്‍ഫര്‍മേഷന്‍ സെന്റര്‍

ക്ഷീരമേഖലയില്‍ പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതില്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സമയോചിതമായി പരിഹരിക്കും. ശുദ്ധമായ പാല്‍ സംഘങ്ങളില്‍ എത്തിക്കുന്നതിന് കര്‍ഷകര്‍ ശ്രദ്ധ ചെലുത്തണം. കോവിഡ് കാലത്തും തടസ്സമില്ലാതെ ശക്തമായി പ്രവര്‍ത്തിച്ച മേഖലയാണ് ക്ഷീരമേഖല. കര്‍ഷകര്‍ നേരിട്ട പ്രശ്നങ്ങള്‍ മനസ്സിലാക്കി പാല്‍ ഏറ്റെടുക്കുന്ന നടപടികളില്‍ മില്‍മ ഊര്‍ജ്ജിതമായാണ് ഇടപ്പെടല്‍ നടത്തിയത്. മലബാര്‍ മേഖലയില്‍ മാത്രം പ്രതിദിനം മൂന്നു കോടിയിലേറെ രൂപ കര്‍ഷകര്‍ നല്‍കുന്ന പാലിന്റെ വിലയായി മില്‍മ നല്‍കുന്ന സ്ഥിതിവിശേഷമാണുള്ളത്. അധികം വരുന്ന പാല്‍ ഇതര സംസ്ഥാനങ്ങളിലെത്തിച്ച് പാല്‍പ്പൊടിയാക്കി മാറ്റുന്നുമുണ്ട്. സംസ്ഥാനത്ത് തന്നെ അധികപാല്‍ പാല്‍പ്പൊടിയാക്കി മാറ്റുന്നതിന് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലപ്പുറത്ത് 53 കോടി ചെലവില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തനയോഗ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അധികപാല്‍ ഉപയോഗിച്ച് മറ്റു പാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകളില്‍ ഉള്‍പ്പെടെ നെയ്യ് പോലുള്ള മില്‍മ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ക്ഷേമനിധി ബോര്‍ഡില്‍ കര്‍ഷകരെ അംഗങ്ങളാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കുഴല്‍മന്ദം ബ്ലോക്കിലെ ചെറുകുളം ക്ഷീരസംഘത്തില്‍ നിര്‍മ്മിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ – ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു

ചെറുകുളം ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ പാല്‍വില ഇന്‍സെന്റീവ് വിതരണവും കര്‍ഷകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ടി.കെ ദേവദാസ്, എ. സതീഷ്, ആര്‍ അഭിലാഷ്, കുഞ്ഞിലക്ഷ്മി, എസ് സനോജ്, സി അനിത, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ബ്രിന്‍സി മാണി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ്, ചെറുകുളം ആപ്കോസ് പ്രസിഡന്റ് വി സുബ്രഹ്മണ്യന്‍, സഹകാരികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.