സംസ്ഥാനത്തെങ്ങും വനിതാ സംരംഭക ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായെത്തും ‘ ഇടുക്കിയില്‍ മറയൂര്‍ ശര്‍ക്കര ഉള്‍പ്പെടെ വിഭവങ്ങളും’
കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈനന്‍ വിപണന മേള ‘ഓണം ഉത്സവം’ ത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഓര്‍ഡറനുസരിച്ച് കുടുംബശ്രീ വനിതാ സംരംഭകരും അയല്‍ക്കൂട്ടങ്ങളും നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തെങ്ങും സൗജന്യമായി വീടുകളില്‍ എത്തിച്ച് നല്‍കും. കുടുംബശ്രീ ഇ-കൊമേഴ്‌സ് പോര്‍ട്ടലിലൂടെയാണ് വിപണനം. സംസ്ഥാനത്തെ 350 സംരംഭകരുടെ 802 ഇനം ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ ലഭിക്കും. ഇടുക്കിയില്‍ നിന്ന് മറയൂര്‍ ശര്‍ക്കര, തേയില പൊടി, നാടന്‍ തേന്‍, അരിപ്പൊടികള്‍ തുടങ്ങി നിരവധി തനത് വിഭവങ്ങളും ഇതിലുള്‍പ്പെടും.
കുടുംബശ്രീ ഓണ്‍ലൈന്‍ വിപണന പോര്‍ട്ടലായ www.kudumbashreebazaar.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്യേണ്ടത്. ഓണത്തോടനുബന്ധിച്ച് വിവിധ ഇനങ്ങള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്. കൊറിയര്‍ സര്‍വ്വീസുകള്‍ വഴിയും പോസ്റ്റ് ഓഫീസുകള്‍ വഴിയും പാഴ്‌സലായാണ് ബുക്ക് ചെയ്ത സാധനങ്ങള്‍ വീടുകളിലെത്തുക. ഈ മാസം 31 വരെയാണ് മേള. സംസ്ഥാന – ജില്ലാ കുടുംബശ്രീ മിഷനുകളാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
ലഭിക്കുന്ന ഓര്‍ഡറുകള്‍ ജില്ലാതല കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സംരഭങ്ങളിലുമാണ് തരം തിരിക്കുന്നതും പാഴ്‌സസലാക്കുന്നതും. ജില്ലയില്‍ കട്ടപ്പനയിലെ കുടുംബശ്രീ ബസാറില്‍ നിന്നുമാണ് ഉല്‍പ്പന്നങ്ങളുടെ വിതരണം. പോസ്റ്റ് ഓഫീസുമായി സഹകരിച്ചാണ് പാഴ്‌സല്‍ അയക്കുക. വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, അച്ചാറുകള്‍, സ്‌ക്വാഷ്, ചിപ്‌സ്, കറി പൗഡറുകള്‍, കൊണ്ടാട്ടം, ആദിവാസി വിഭാഗക്കാരുടെ വനവിഭവങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍, സോപ്പ്, കളിപ്പാട്ടം, ബാഗുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ ലഭിക്കും.