ആലപ്പുഴ: അഴീക്കല്‍ ഭാഗത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് പേര്‍ മരണപ്പെട്ടു. തറയില്‍കടവ് കാട്ടില്‍ അനീഷ് അരവിദന്റെ ഉടമസ്ഥതയിലുള്ള ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്. ആറാട്ടുപുഴ തറയില്‍ക്കടവ് സ്വദേശികളായ നാല് പേരാണ് മരണപ്പെട്ടത്. പുത്തന്‍കോട്ടയില്‍ സുദേവന്‍ (53), പാനോലില്‍ ശ്രീകുമാര്‍ (52), പറത്തറയില്‍ സുനില്‍ദത്ത് (24), നെടിയത്ത് തങ്കപ്പന്‍ (70) എന്നിവരാണ് മരിച്ചത്. മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാന്‍, എ.എം. ആരിഫ് എം.പി., എം.എല്‍.എ.മാരായ യു. പ്രതിഭ, പി.പി. ചിത്തരഞ്ജന്‍, സി.ആര്‍. മഹേഷ്, ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. സജീവന്‍ എന്നിവര്‍ ഉടന്‍ ആശുപത്രികളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രക്കാട്ടാത്ത് അക്ഷയകുമാര്‍, തെക്കേപ്പുറത്ത് സുമേഷ്, പുത്തനമണ്ണേല്‍ സജീവന്‍, വടക്കേമുറിയില്‍ ബൈജു, തട്ടാരത്ത് രമണന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സുന്ദരശ്ശേരില്‍ രജിത്ത്, കാട്ടില്‍ക്കടവ് അനീഷ്, കുട്ടന്റെ പടീറ്റതില്‍ സോമന്‍, വൈദ്യന്റെ പടീറ്റതില്‍ റിജുകുമാര്‍, കുറങ്ങാട്ട് ബിജു, തട്ടാലയത്ത് ഭാനു എന്നിവരെ കോസ്റ്റ് ഗാര്‍ഡും മത്സ്യബന്ധന തൊഴിലാളികളും ചേര്‍ന്ന് രക്ഷപെടുത്തി.