കാറളം വിഎച്ച്എസ്എസ് സ്കൂളിലെ 10-ാം തരം, പ്ലസ് ടു എച്ച്എസ്ഇ, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ 17 വിദ്യാർത്ഥികളെയും ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് കരസ്ഥമാക്കിയ 9 പേരെയുമാണ് അനുമോദിച്ചത്. വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ കാട്ടിക്കുളം ഭരതൻ നിർവഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൾ പി വി രമാദേവി മന്ത്രിക്ക് ഉപഹാര സമർപ്പണം നടത്തി.

കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, വാർഡ് മെമ്പർ ടി എസ് ശശികുമാർ, ഡിഇഒ എൻ ഡി സുരേഷ്, റിട്ട. പ്രിൻസിപ്പൽ ഐ ഡി ഫ്രാൻസിസ് മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി റഷീദ് കാറളം, പിടിഎ വൈസ് പ്രസിഡന്റ് ചിന്ത സുഭാഷ് എന്നിവർ സംസാരിച്ചു. എച്ച്എസ്ഇ പ്രിൻസിപ്പൽ ടിഎസ് സന്ധ്യ സ്വാഗതവും വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പിപി സജിത്ത് നന്ദിയും പറഞ്ഞു.