ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയോടെ നടപ്പിലാക്കാന്‍ വാര്‍ഡ്തല/അയല്‍പക്ക സമിതികള്‍ സജീവമാകുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. 50 വീടുകളുടെ നിരീക്ഷണം നടത്തുന്ന ക്ലസ്റ്ററുകളായി പ്രവര്‍ത്തിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ജനമൈത്രി പൊലിസ്, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അയല്‍പക്ക സമിതികള്‍ വാര്‍ഡ്തല സമിതികളുടെ ഉപഘടകമായി പ്രവര്‍ത്തിക്കും.
ക്വാറന്റീന്‍ വ്യവസ്ഥകള്‍ ഉറപ്പാക്കല്‍, രോഗികള്‍ക്ക് അവശ്യസാധനങ്ങള്‍-അടിയന്തര ചികിത്സ എന്നിവ ലഭ്യമാക്കല്‍ തുടങ്ങിയവയാണ് മുഖ്യചുമതല. തദ്ദേശസ്ഥാപന തലത്തില്‍ ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യം നേരിടുന്നതിന് സമിതി അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും.
ഫോണ്‍ വഴി കോവിഡ് രോഗിയുടെ വിവരങ്ങള്‍ ശേഖരിച്ച് കൃത്യമായി രേഖപ്പെടുത്തും. രോഗിക്ക് വാഹന സൗകര്യം, വൈദ്യസഹായം എന്നിവയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനും സമിതികളെ ചുമതലപ്പെടുത്തി. രോഗാവസ്ഥ പരിശോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പാക്കും. ഗൃഹചികിത്സയിലുള്ളവര്‍ക്ക് മാനസിക പിന്തുണയും സമിതികള്‍ മുഖേന നല്‍കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
