പുല്‍പ്പള്ളി: കുടിയേറ്റ മേഖലയിലെ ജൈവ വൈവിധ്യം തിരിച്ചുപിടിക്കാന്‍ മുള്ളന്‍കൊല്ലി – പുല്‍പ്പള്ളി സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി. ഇരു ഗ്രാമപഞ്ചായത്തുകളിലും കാലങ്ങളായുണ്ടാവുന്ന വരള്‍ച്ചയ്ക്കും കൃഷിനാശത്തിനും ശാശ്വത പരിഹാരമായി 80.20 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി 20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മണ്ണ് പര്യവേഷണ – മണ്ണുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും പൂതാടി പഞ്ചായത്തിലെ നാലു വാര്‍ഡുകളും ഉള്‍പ്പടെ 15,220 ഹെക്റ്റര്‍ പ്രദേശമാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. വരള്‍ച്ചാ ബാധിതമായ ഈ പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം തിരിച്ചുപിടിക്കുന്നതിനും മണ്ണിന്റെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രവൃത്തികളാണ് നടപ്പാക്കുന്നത്. കബനീ തീരത്ത് 12 കിലോമീറ്ററില്‍ മൂന്നു വരിയില്‍ വൃക്ഷതൈകള്‍ നട്ട് പരിപാലിക്കല്‍, ആറായിരം ഹെക്റ്റര്‍ കരപ്രദേശത്ത് 1.50 ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കല്‍, തുറന്ന കിണറുകളും കുഴല്‍ക്കിണറുകളും റീചാര്‍ജ് ചെയ്യല്‍ എന്നിങ്ങനെ 36 പ്രവൃത്തികള്‍ പദ്ധതിയിലുണ്ട്.
