കാസർഗോഡ്: ശക്തമായ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ ഫലം കാണുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയായി കാസര്‍കോട്്. പ്രതിദിനം ശരാശരി 5000ന് മുകളില്‍ പരിശോധന നടക്കുമ്പോള്‍ ആഗസ്റ്റ് അവസാന വാരം മുതല്‍ ചുരുക്കം ദിവസങ്ങളിലൊഴികെ രോഗ സ്ഥിരീകരണ നിരക്ക് പത്തില്‍ താഴെയാണെന്നതും ആശ്വാസമാണ്.

കിടത്തിചികിത്സ ആവശ്യമുള്ള ഗുരുതര രോഗമുള്ളവരുടെ എണ്ണവും ജില്ലയില്‍ കുറവാണ്. പോസിറ്റീവാകുന്ന രോഗികളില്‍ ഏഴ് ശതമാനം പേരെ മാത്രമേ ഇങ്ങനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നുള്ളൂ എന്നതും ആരോഗ്യമേഖലക്ക് ആശ്വാസം പകരുന്നു. പോസിറ്റീവ് ആകുന്ന രോഗികളില്‍ ഭൂരിഭാഗത്തിനും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ കാണിക്കുന്നില്ല. രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ വീടുകളില്‍ പ്രത്യേകം ശുചിമുറി ഉള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങളുണ്ടെങ്കില്‍ അവിടെ തന്നെ ക്വാറന്റീനില്‍ കഴിയുന്നതും രോഗപ്പകര്‍ച്ചക്ക് തടയിടുന്നുണ്ട്.

കോവിഡ് ബാധിതരെ വിവിധ തൊഴില്‍ മേഖലകളായി തിരിച്ചുകൊണ്ടുള്ള വിവരശേഖരണം നടത്തിയും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. അനുബന്ധ രോഗങ്ങള്‍ ഉള്ളവരും പ്രായം ചെന്നവരും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. ഗുരുതര രോഗമുളളവര്‍ പരിശോധന നടത്തി വിദഗ്ധ ചികിത്സ തേടണമെന്നും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വിമുഖത കാട്ടരുതെന്നും കളക്ടര്‍ പറഞ്ഞു.

ജാഗ്രത കൈവിടാതെ മുന്നോട്ട് പോയാല്‍ മാത്രമേ കോവിഡിനെ പൂര്‍ണമായും പിടിച്ചു കെട്ടാന്‍ സാധിക്കൂവെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധന നടത്താനും ചികിത്സ തേടാനും മടികാണിക്കരുതെന്നും ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ.എ.ടി.മനോജ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താന്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതും ഗുണം ചെയ്തിട്ടുണ്ട്. ജില്ലയില്‍ നിലവിലുള്ള 59 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം തുടരും.

കോവിഡിന്റെ തുടക്കത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാസര്‍കോടാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് ആശുപത്രികളും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും തുറന്നായിരുന്നു രോഗീ പരിചരണം. കാസര്‍കോടിന്റെ കോവിഡ് പ്രതിരോധം ഫലം കണ്ടതിന്റെ സൂചനയായിരുന്നു 2020 ഒക്ടോബര്‍ 29 മുതല്‍ 2021 ഫെബ്രുവരി അവസാനം വരെയുള്ള പ്രതിദിന കണക്കുകള്‍. രണ്ടാം തരംഗത്തില്‍ 2021 മെയ് നാലോടെ ജില്ലയിലെ കോവിഡ് നിരക്ക് കുത്തനെ ഉയര്‍ന്നു.

ജൂണ്‍, ജൂലൈ മാസങ്ങളിലും കോവിഡ് നിരക്ക് ഉയര്‍ന്നു തന്നെയായിരുന്നു. ഓക്‌സിജന്‍ ക്ഷാമമുണ്ടാകുമെന്ന ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും സിലിണ്ടര്‍ ചാലഞ്ച് നടത്തി മതിയായ ഓക്‌സിജന്‍ ജില്ലയിലെത്തിച്ചു. നിലവില്‍ ആവശ്യത്തിന് സിലിണ്ടറുകള്‍ ജില്ലയിലുണ്ട്. മൂന്നാം തരംഗമുണ്ടാകുകയാണെങ്കില്‍ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലയില്‍ തന്നെ പൊതുമേഖലയിലുള്‍പ്പെടെ പ്ലാന്റുകളുടെ നിര്‍മ്മാണവും ആരംഭിച്ചു.

കോവിഡ് മരണ സംഖ്യ കുറച്ചു നിര്‍ത്തുന്നതിലും ജില്ല വിജയിച്ചു. ആകെ 1,27,434 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ മരണ നിരക്ക് 0.37ശതമാനമാണ്. 478 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെട്ടത്. ജില്ലയില്‍ കോവിഡ് ബോധവത്കരണത്തിനൊപ്പം വാക്‌സിനേഷനും വര്‍ധിപ്പിച്ചത് നേട്ടമായി. 60വയസിന് മുകളിലുള്ള മുന്‍ഗണനാ വിഭാഗങ്ങളില്‍ 100ശതമാനത്തിനടുത്താണ് ജില്ലയിലെ വാക്‌സിനേഷന്‍ നിരക്ക്.

ഇതോടെ കോവിഡ് പരിശോധന ആര്‍.ടി.പി.സി.ആര്‍ പരിശോധന മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 826187 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 746294 പേര്‍ കോവിഷീല്‍ഡ് വാക്‌സിനും 79893 പേര്‍ കോവാക്സിനും എടുത്തു. 358882 പേര്‍ രണ്ട് ഡോസ് വാക്‌സിനും 467305 പേര്‍ ഒരു ഡോസ് വാക്‌സിനുമാണ് സ്വീകരിച്ചത്. വാക്‌സിനേഷന്‍ പൂര്‍ത്തീകരണത്തിലേക്കെത്തിയതോടെ സാമൂഹിക പ്രതിരോധത്തിന്റെ പാതയിലാണ് ഇപ്പോള്‍ കാസര്‍കോട് ജില്ല.