എറണാകുളം: പരിതാപകരമായ അവസ്ഥയിലുളള ഒരു വില്ലേജ് ഓഫീസ് കേവലം 20 ദിവസങ്ങൾക്കുള്ളിൽ പുതുക്കിപ്പണിത് സമ്പൂർണ സ്മാർട്ട് വില്ലേജ് ഓഫീസായി മാറ്റുക. അതും ജനകീയ പങ്കാളിത്തത്തോടെ. ഈ അനിതരസാധാരണ മാതൃക കാണുവാനും അതിന് ചുക്കാൻപിടിച്ച വാരപ്പെട്ടി വില്ലേജ് ഓഫീസർ റോയ് പി. ഏലിയാസിനെ അഭിനന്ദിക്കുന്നതിനുമായി ജില്ലാ കളക്ടർ ജാഫർ മലിക് നേരിട്ടെത്തി.
ജോലിഭാരം കൂടുതലുള്ള ഈ കാലത്ത് ജനകീയ പങ്കാളിത്തത്തോടെ കുറഞ്ഞ ചെലവിൽ മാതൃകാപരമായ ഓഫീസ് സജ്ജമാക്കിയ വാരപ്പെട്ടി വില്ലേജ് ഓഫീസർ തനിക്കും പ്രചോദനം നൽകുന്നതായി ജില്ലാ കളക്ടർ പറഞ്ഞു. 20 ദിവസങ്ങൾക്കുള്ളിൽ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, മുറ്റം ടയൽ വിരിച്ചു. എല്ലാ ജീവനക്കാർക്കും കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തി, എല്ലാ ഓഫീസ് ഫയലുകളും ബൈൻഡ് ചെയ്തു, പൊതുജനങ്ങൾക്കായി വിവിധ അപേക്ഷകൾ സമർപ്പിക്കാനുള്ള റാക്ക്, കുടിവെള്ള സംവിധാനം എന്നിങ്ങനെ വിവിധ സൗകര്യങ്ങളും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ ബോർഡ്, സാനിറ്റൈസർ സൗകര്യം എന്നിവ സജ്ജമാക്കിയത് അഞ്ച് ലക്ഷം രൂപ ചെലവിൽ !
ആയവന സ്വദേശിയായ വില്ലേജ് ഓഫീസർ റോയ് പി. ഏലിയാസിന്റെ നേതൃത്വത്തിൽ പുതുക്കിപ്പണിത മൂന്നാമത്തെ വില്ലേജ് ഓഫീസാണ് വാരപ്പെട്ടിയിലേത്. 2014 ൽ ഇദ്ദേഹം വില്ലേജ് ഓഫീസറായിരുന്ന കാസർഗോഡ് ജില്ലയിലെ വെളളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളരി വില്ലേജ് ഓഫീസ്, 2018 ൽ ഏനാനെല്ലൂർ വില്ലേജ് എന്നിവ സമാന രീതിയിൽ നവീകരിക്കപ്പെട്ടിട്ടുണ്ട്. കളക്ടറുടെ സന്ദർശന വേളയിൽ കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ്, അഡീഷണൽ തഹസിൽദാർ നാസർ കെ.എം എന്നിവർ സന്നിഹിതരായിരുന്നു.
ജനകീയ പങ്കാളിത്തത്തോടെ കുറഞ്ഞ ചെലവിൽ മാതൃകാപരമായ ഓഫീസ് സജ്ജമാക്കിയ വാരപ്പെട്ടി വില്ലേജ് ഓഫീസർ റോയ് പി. ഏലിയാസിനെ ജില്ലാ കളക്ടർ ജാഫർ മലിക്ക് പൊന്നാട അണിയിക്കുന്നു.