കൊല്ലം : കോവിഡ് പ്രതിരോധത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ വാക്സിനേഷന് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. വിവിധ പഞ്ചായത്തുകളില്‍ ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയായി വരുന്നു. നീണ്ടകരയില്‍ 60 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ 7412 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. ഇതില്‍ 3753 പേര്‍ക്ക് രണ്ട് ഡോസുകളും ലഭ്യമാക്കി. 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 1664 പേര്‍ ആദ്യ ഡോസും 945 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മെഗാ വാക്സിനേഷന്‍ ക്യാമ്പില്‍ ആയിരം പേര്‍ വാക്സിന്‍ സ്വീകരിച്ചെന്ന് പ്രസിഡന്റ് പി.ആര്‍ രജിത്ത് പറഞ്ഞു.ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അടിയന്തര യോഗം ചേര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അല്ലാതെ മറ്റെല്ലാ കടകളും അടയ്ക്കാനും, അനൗണ്‍സ്മെന്റുകള്‍ നടത്താനും തീരുമാനിച്ചു. കിടപ്പ് രോഗികള്‍ക്കുള്ള വാക്സിനേഷന്‍ നല്‍കിവരുന്നു. മൂന്നു മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ആദ്യ ഡോസ് വാക്സിനേഷന്‍ 99 ശതമാനവും പൂര്‍ത്തീകരിച്ചതായി പ്രസിഡന്റ് എസ്. കെ ശ്രീജ പറഞ്ഞു.തലവൂരില്‍ സെപ്റ്റംബര്‍ 10 ന് രണ്ട് കേന്ദ്രങ്ങളിലായി വാക്സിനേഷന്‍ ക്യാമ്പ് നടന്നു. പ്രാഥമികാരോഗ്യ കേന്ദ്രം, നെടുവത്തൂര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തിയ ക്യാമ്പില്‍ ആയിരം പേര്‍ക്കുള്ള വാക്സിന്‍ സൗകര്യം ലഭ്യമാക്കിയതായി പ്രസിഡന്റ് വി.എസ് കലാദേവി പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ അയല്‍പക്ക നിരീക്ഷണ സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച യോഗം ചേരും. ഡി.സി.സി.യില്‍ 39 ഉം സി.എഫ്.എല്‍.ടി.സിയില്‍ 19 ഉം രോഗികളാണുള്ളത്. വാര്‍ഡ് തലങ്ങളില്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കി.മേലിലയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി. വില്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പില്‍ 600 പേര്‍ക്ക് ഫസ്റ്റ് ഡോസ് വാക്‌സിനും 150 പേര്‍ക്ക് സെക്കന്റ് ഡോസും നല്‍കി. കോവിഷീല്‍ഡ് ആണ് നല്‍കിയത്. 90 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തികരിച്ചു. ആരോഗ്യ വകുപ്പിന്റെ മൊബൈല്‍ മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ക്യാമ്പ് നടത്തി. വാര്‍ഡുകള്‍ കേന്ദ്രികരിച്ച് ആര്‍. ആര്‍. ടി കള്‍ പുനസംഘടിപ്പിച്ച് പ്രവര്‍ത്തനം വിപുലീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എ. താര പറഞ്ഞു.ചിതറയില്‍ ആദ്യ ഡോസ് വാക്സിന്‍ 60 ശതമാനം പൂര്‍ത്തിയായി. സെപ്റ്റംബര്‍ 10ന് മാങ്കോട്, മടത്തറ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ വാക്സിനേഷന്‍ ക്യാമ്പില്‍ 1600 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി പ്രസിഡന്റ് എം. എസ് മുരളി പറഞ്ഞു.