ആലപ്പുഴ: താമസിക്കുന്ന മണ്ണിന്റെ ഉടമകള്‍ അല്ലാതിരിക്കുന്ന അവകാശികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട കടമയാണ്. ആ കടമയും ഉത്തരവാദിത്തവുമാണ് പട്ടയ വിതരണത്തിലൂടെ ഈ സര്‍ക്കാര്‍ നിറവേറ്റിയതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേര്‍ത്തല താലൂക്കുതല പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മണ്ണിന്റെ മക്കള്‍ അല്ലാതിരിക്കുന്ന മനുഷ്യരെ മണ്ണിന്റെ ഉടമകള്‍ ആക്കുക എന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്. പട്ടയത്തിനായുള്ള എല്ലാ അപേക്ഷകളും സമയബന്ധിതമായി പരിശോധിച്ചു പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇനിയുള്ള അപേക്ഷകളും അതേ വേഗതയില്‍ പരിശോധിച്ച് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നാട്ടില്‍ മണ്ണിന്റെ ഉടമകള്‍ അല്ലാതെ ഒരാള്‍ പോലും ഉണ്ടാവരുതെന്ന ശാഠ്യത്തിന്റെ പുറത്താണ് ഇതെല്ലാം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചേര്‍ത്തല താലൂക്കില്‍ 12 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. ദലീമ ജോജോ എംഎല്‍എ, നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍, ജനപ്രതിനിധികള്‍, ചേര്‍ത്തല തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുത്തു.