കുടുംബപരമായി തലമുറകള്‍ കൈമാറി വന്ന 60 സെന്റ് ഭൂമിയ്ക്കുള്ള പട്ടയം ഏറ്റുവാങ്ങിയത് സഹോദരന്‍മാര്‍. കുറുവ പഞ്ചായത്തിലെ വറ്റല്ലൂര്‍ മേക്കുളമ്പിലെ ചെമ്പകശ്ശേരി വീട്ടില്‍ താമസിക്കുന്ന കുണ്ടനിയില്‍ കുഞ്ഞലവി (70), ഹുസൈന്‍ (56), അബ്ദുള്‍കരീം (55) എന്നീ സഹോദരന്‍മാരാണ് സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായുള്ള പട്ടയമേളയില്‍ പങ്കെടുത്ത് പട്ടയങ്ങള്‍ മന്ത്രി വി. അബ്ദുറഹ്‌മാനില്‍ നിന്ന് നേരിട്ട് ഏറ്റുവാങ്ങിയത്.
50 കാരനായ മറ്റൊരു സഹോദരന്‍ അബ്ദുള്‍ അസീസിനും പട്ടയം അനുവദിച്ചെങ്കിലും അദ്ദേഹം വൃക്ക രോഗിയായതിനാല്‍ ചടങ്ങിനെത്തിയില്ല. ഇവരുടെ പിതാവ് പരേതനായ മുഹമ്മദിന് കുടുംബസ്വത്തായി ലഭിച്ചതാണ് വറ്റല്ലൂര്‍ മേക്കുളമ്പിലെ 60 സെന്റ് സ്ഥലം. ഇവിടെയിപ്പോള്‍ സഹോദരങ്ങളുടെയും ഇവരില്‍ ഒരാളുടെ മകളുടെയും വീടുകളുണ്ട്. 2014 ലാണ് പട്ടയം ലഭിക്കുന്നതിനായി ആദ്യമായി അപേക്ഷ നല്‍കിയത്.
പല തവണ സിറ്റിങില്‍ പങ്കെടുത്തെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. ഒടുവില്‍ പട്ടയമേളയിലാണ് ഇവര്‍ക്കെല്ലാം പട്ടയം നല്‍കുന്നതിന് നടപടിയായത്. ജ്യേഷ്ഠന്‍ കുഞ്ഞലവിയും സഹോദരന്‍ ഹുസൈനും ഏറെക്കാലം പ്രവാസികളായിരുന്നു. അബ്ദുള്‍കരീം മെക്കാനിക്കാണ്. സഹകരണ കോളജില്‍ അധ്യാപകനായിരുന്ന അബ്ദുള്‍ അസീസ് വൃക്ക രോഗിയായതിനാല്‍ ഡയാലിസിസ് ചെയത് ചികിത്സ തുടരുകയാണ്. ഇതിനിടയിലാണ് പെരിന്തല്‍മണ്ണ കാറല്‍മണ്ണ ദേവസ്വം ട്രൈബ്യൂനലില്‍ നിന്ന് ഇവര്‍ക്ക് പട്ടയം അനുവദിച്ചത്.