ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നിര്‍ദ്ദിഷ്ട കൊച്ചി-മംഗലാപുരം പൈപ്പ് ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അന്തിമഘട്ടത്തിലേക്ക്. തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ കടവത്തൂര്‍ മുതല്‍ പെരളം വില്ലേജിലെ പുത്തൂര്‍ വരെ 83 കിലോമീറ്റര്‍ നീളത്തിലാണ് ജില്ലയില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ 68 കിലോമീറ്ററിലും പൈപ്പ് വിന്യാസം പൂര്‍ത്തിയായി. 64 കിലോമീറ്ററില്‍ പൈപ്പിന്റെ വെല്‍ഡിംഗ് പ്രവൃത്തികള്‍ കഴിഞ്ഞു. ഇതില്‍ 52 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ഭൂമിക്കടിയിലേക്ക് താഴ്ത്തി. അന്തിമഘട്ട പരിശോധനയാണ് ഇവിടങ്ങളില്‍ ഇനി ബാക്കിയുള്ളത്.
തുടക്കത്തിലെ തടസ്സങ്ങള്‍ക്കു ശേഷം കഴിഞ്ഞ ആഗസ്തിലാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ജില്ലയില്‍ ആരംഭിച്ചത്. ഇതിനകം മുഴുവന്‍ പ്രദേശങ്ങളിലെയും സര്‍വേ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 83 കിലോമീറ്റര്‍ നീളത്തില്‍ 20 മീറ്റര്‍ ഭൂമിയുടെ ഉപയോഗാവകാശമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് 10 മീറ്റര്‍ ഉടമകള്‍ക്ക് തിരികെ നല്‍കും. ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്ന 20 മീറ്റര്‍ ഭൂമിയിലെയും വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇനത്തില്‍ 38 കോടി ഇതിനകം വിതരണം ചെയ്തു. പൈപ്പ് സ്ഥാപിക്കുന്ന 10 മീറ്റര്‍ ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
ജില്ലയില്‍ അഞ്ച് പുഴകളിലൂടെയും പൈപ്പ്‌ലൈന്‍ കടന്നുപോകുന്നുണ്ട്. കുപ്പം പുഴയിലൂടെ പൈപ്പ് ഇടുന്ന ജോലി പൂര്‍ത്തിയായി. പെരുമ്പ, അഞ്ചരക്കണ്ടി, എരഞ്ഞോളി, വളപട്ടണം എന്നീ പുഴകളിലെ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്. പുഴയുടെ അടിത്തട്ടില്‍ നിന്നും 10 മീറ്റര്‍ താഴ്ചയിലാണ് പൈപ്പുകള്‍ കടന്നുപോകുന്നത്. ഹൊറിസോണ്ടല്‍ ഡയരക്ഷനല്‍ ഡ്രില്ലിംഗ് (എച്ച് ഡി ഡി)മെഷീന്‍ ഉപയോഗിച്ചാണ് പുഴയിലൂടെ പൈപ്പ് പാകുന്നത്. വളപട്ടണം പുഴയിലെ പൈപ്പിടല്‍ പ്രവൃത്തി അടുത്തയാഴ്ച തുടങ്ങും. ഉന്നതനിലവാരമുള്ള ക്ലാസ് 4 പൈപ്പുകളാണ് ഗെയില്‍ പദ്ധതിക്കായി ഉപയോഗിക്കുന്നത്.
കുറുമാത്തൂരില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ഐ.പി (ഇന്റര്‍മീഡിയറ്റ് പിഗ്ഗിംഗ്) സ്റ്റേഷന്റെ നിര്‍മാണം 50 ശതമാനത്തിലേറെ പൂര്‍ത്തിയായി. ജില്ലയില്‍ ഒന്ന് എന്ന തോതിലാണ് ഈ സുരക്ഷാ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. 50 സെന്റ് വീതം സ്ഥലത്ത് അഞ്ചിടങ്ങളില്‍ സ്ഥാപിക്കുന്ന എസ്.വി (സെക്ഷന്‍ വാള്‍വ്) സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി വരുന്നു. ഇവയ്ക്കാവശ്യമായ സ്ഥലമെടുപ്പ് നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. വ്യാവസായിക-ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രധാന ലൈനില്‍ നിന്ന് ഗ്യാസ് എടുത്ത് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളാണ് എസ്.വി സ്റ്റേഷനുകള്‍.
പ്രകൃതിവാതകം ഉപയോഗിച്ചുള്ള വാഹനഗതാഗതം ഇതിനകം കൊച്ചിയില്‍ തുടങ്ങിക്കഴിഞ്ഞു. ഇവിടെ സി.എന്‍.ജി പമ്പ് സ്റ്റേഷനില്‍ നിന്ന് മുന്നൂറിലേറെ ഓട്ടോകളും കെ.എസ്.ആര്‍.ടി.സി ബസ്സുകളും ഗ്യാസ് നിറയ്ക്കുന്നുണ്ട്. 47 രൂപ ചെലവ് വരുന്ന ഒരു കിലോ സി.എന്‍.ജി ഉപയോഗിച്ച് ഓട്ടോയ്ക്ക് 40 കിലോമീറ്ററിനു മുകളില്‍ യാത്ര ചെയ്യാനാവും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഇത്തരം പമ്പുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്ന് ഗെയിലിന്റെ കണ്ണൂര്‍ സെക്ഷന്‍ മാനേജര്‍ (കണ്‍സ്ട്രക്ഷന്‍) പി.ഡി അനില്‍കുമാര്‍ പറഞ്ഞു.
