തെരുവുനായ്ക്കളുടെ പ്രത്യുല്‍പാദനം നിയന്ത്രിക്കാന്‍ ജില്ലയില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ആരംഭിച്ച എബിസി(അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയിന്‍ കീഴില്‍ ഇതുവരെ 2953 നായ്ക്കളെ വന്ധീകരിച്ചു. പ്രത്യേകം പരിശീലനം നേടിയ അഞ്ചുപേര്‍ വീതമുള്ള അഞ്ച് ഗ്രൂപ്പുകളായി 25 പേരെയാണ് ഇതിനായി കുടുംബശ്രീ നിയോഗിച്ചിട്ടുള്ളത്. വിദഗ്ധപരിശീലനം നേടിയ വെറ്റിനറി ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തുന്നത്.
കുടുംബശ്രീ ജില്ലാ മിഷന് പഞ്ചായത്തുകള്‍ പണം അടയ്ക്കുന്ന ക്രമത്തിലാണ് തെരുവ് നായ്ക്കളെ വന്ധീകരിക്കുന്നത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ കൊടുമണ്‍ കേന്ദ്രീകരിച്ചാണ് ഈ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ കടപ്ര പഞ്ചായത്തിലാണ് വന്ധീകരണ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു തെരുവുനായയെ വന്ധീകരിക്കുന്നതിന് പഞ്ചായത്ത് 2100 രൂപ കുടുംബശ്രീക്ക് നല്‍കണം. ഈ പദ്ധതിയിലൂടെ 62 ലക്ഷം രൂപ ഇതുവരെ കുടുംബശ്രീക്ക് ലഭിച്ചു. ഇതില്‍ 27 ലക്ഷം രൂപ ചെലവായി.ബാക്കിയുള്ള 35 ലക്ഷംരൂപ ബന്ധപ്പെട്ട കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കി. പദ്ധതി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി അടുത്ത ഘട്ടമെന്ന നിലയില്‍ ഏബിസി പദ്ധതിയുടെ വാര്‍ഷികം -സുരക്ഷ 2018 എന്ന പേരില്‍ സംസ്ഥാനതല ശില്‍പശാല ഈമാസം ഏഴിന് പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്സില്‍ നടക്കും.രണ്ടാംഘട്ടത്തില്‍ ബ്ലോക്ക് തലത്തില്‍ യൂണിറ്റുകള്‍ ആരംഭിക്കും. യൂണിറ്റംഗങ്ങള്‍ക്ക് റിഫ്രഷര്‍ ട്രെയിനിംഗും, ഏകദിന പരിശീലനവും സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍ പറഞ്ഞു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാകാത്തത് പരിഹരിക്കുവാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് സജ്ജീകരിക്കുന്ന പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.