ഖരമാലിന്യ സംസ്‌കരണ മികവിന് പുനലൂര്‍ നഗരസഭയ്ക്ക് നവകേരള പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് പുരസ്‌കാരം വിതരണം ചെയ്തത്. നവകേരളം- 2021 പുരസ്‌കാരത്തിന്റെ വിതരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ചു.ആരോഗ്യവും നവീനവുമായ ഗ്രാമ-നഗര ജീവിതത്തിന് ആധുനിക ഖരമാലിന്യ സംസ്‌കരണ രീതികള്‍ അവലംബിക്കേണ്ടതുണ്ട്.
അതിനൊരു പ്രോത്സാഹനമെന്ന നിലയിലാണ് മികച്ച ഖരമാലിന്യ സംസ്‌കരണ മാതൃകകള്‍ ആവിഷ്‌കരിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് നവകേരള പുരസ്‌കാരം നല്‍കുന്നത്. ആധുനിക നവകേരള സൃഷ്ടിക്ക് മാലിന്യമുക്തമായ സംസ്ഥാനം അത്യന്താപേക്ഷിതമാണ്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമെന്ന മുദ്രാവാക്യം പൊതുജനങ്ങള്‍ ഏറ്റെടുക്കണം. മാലിന്യമുക്ത കേരളം സൃഷ്ടിക്കുന്നതിനായി നവീനവും ആധുനികവുമായ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുനലൂര്‍ നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ പി. എസ് സുപാല്‍ എംഎല്‍എ പ്രശസ്തി പത്രവും സമ്മാനത്തുകയും കൈമാറി. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വി. പി ഉണ്ണികൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ വസന്ത രഞ്ജന്‍, അഡ്വ പി.എ. അനസ്, ഡി. ദിനേശന്‍, കെ.പുഷ്പലത, ജി. ജയപ്രകാശ്, സെക്രട്ടറി അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.