കല്‍പ്പറ്റ: നബാര്‍ഡിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അത്തിക്കൊല്ലി, കടച്ചിക്കുന്ന്, കൊച്ചാറ, നടുകൊല്ലി, നെടുമുള്ളി, അമ്മാനി നിര്‍ത്തട സമിതി – പുത്തൂര്‍വയല്‍ എം.എസ് സ്വമാനിഥന്‍ ഗവേഷണ നിലയം എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ ‘പ്ലാവ് കേരളത്തിന്റെ കല്പവൃക്ഷം, ചക്ക കേരളത്തിന്റെ സംസ്ഥാന പഴം’ എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും ഔഷധവും പ്രദാനം ചെയ്യുന്ന ഫലവൃക്ഷമാണ് പ്ലാവെന്നും ആരോഗ്യരക്ഷയ്ക്കു ചക്ക അത്യന്താപേക്ഷിതമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ട്രെയിനിംഗ്് കോ-ഓഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക കണ്‍സള്‍ട്ടന്റ് എം.കെ.പി മാവിലായി, സി.പി പ്രേമകുമാരി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സി.പി പ്രേമകുമാരി രചിച്ച ചക്കവിഭവങ്ങള്‍ എന്ന പുസ്തകം, അമ്പലവയല്‍ പഞ്ചായത്ത് അംഗം ഹഫ്സത്തിന് നല്‍കിക്കൊണ്ട് ഡോ. ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ചമ്മന്തി, തോരന്‍, ചിപ്സ്, ദോശ, പൂരി, ചപ്പാത്തി, ലഡു, കട്ലറ്റ്, സിറപ്പ്, വൈന്‍, പുട്ട്, ബിരിയാണി, നെയ്യപ്പം, പായസം തുടങ്ങിയ വിഭവങ്ങളുണ്ടാക്കുന്ന രീതി പുസ്തകം പരിചയപ്പെടുത്തുന്നു. ചടങ്ങില്‍ തങ്കമണി, ഹഫ്സത്ത് എന്നിവര്‍ സംസാരിച്ചു.