കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്യാമ്പിലൂടെ 500 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. കലാദേവി പറഞ്ഞു. 150 പേര്‍ക്ക് കോവാക്‌സിന്‍ രണ്ടാം ഡോസ് നല്‍കി. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള 95 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കി. രണ്ടാംഘട്ട വാക്‌സിന്‍ 59 ശതമാനം പൂര്‍ത്തിയാക്കി.
നിലമേല്‍ ഗ്രാമപഞ്ചായത്തിലെ ബംഗ്ലാംകുന്ന് എം.എം.എച്ച്.എസ്.എസില്‍ നടത്തിയ ക്യാമ്പില്‍ 900 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ആദ്യ ഡോസ് വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് പ്രസിഡന്റ് വിനീത പറഞ്ഞു.
മേലില ഗ്രാമ പഞ്ചായത്തില്‍ പാലിയേറ്റിവ് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെയും മറ്റ് കിടപ്പ് രോഗികളുടെയും വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തികരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എ. താര പറഞ്ഞു. ഒന്നാം ഡോസ് വാക്സിനേഷനും പഞ്ചായത്ത് പരിധിയില്‍ 99 ശതമാനം പൂര്‍ത്തിയായി.
കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തില്‍ 75 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു. ഡിസിസിയില്‍ 17 പേര്‍ നിലവില്‍ ചികിത്സയിലുണ്ട് എന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ പറഞ്ഞു.
