തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  ആദ്യ മൂന്നുമാസത്തിനകം കൈവരിച്ച പദ്ധതിപുരോഗതി അവലോകനം ചെയ്തു
കാക്കനാട്:  എല്ലാവര്‍ക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുകവഴി ഭവനരഹിതരില്ലാത്ത കേരളം വാര്‍ത്തെടുക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീല്‍. 13ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി നടപ്പു സാമ്പത്തിക വര്‍ഷം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  ആദ്യ മൂന്നുമാസത്തിനകം കൈവരിച്ച പദ്ധതിപുരോഗതി അവലോകനയോഗം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് രണ്ടരലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  സ്ഥലമുള്ള ഭവനരഹിതര്‍ക്ക് വീടുവെക്കാന്‍ നാലു ലക്ഷം രൂപ വീതമാണ് നീക്കിവെക്കുന്നത്.  ഇതില്‍ ഒന്നര ലക്ഷം രൂപ കേന്ദ്ര വിഹിതവും ശേഷിക്കുന്ന രണ്ടരലക്ഷം രൂപ സംസ്ഥാന വിഹിതവുമാണ്.  ലൈഫ് പദ്ധതിയില്‍ അര്‍ഹരായ മുഴുവന്‍പേരെയും ഉള്‍പ്പെടുത്തിയെന്ന്  ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയംഭരണ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
‘സ്പില്‍ ഓവര്‍’ എന്ന ആശയംതന്നെ തദ്ദേശ സ്വയംഭരണ വകുപ്പില്‍നിന്നും മാറുകയാണെന്നും ലാപ്‌സാവുന്ന പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ മുന്‍ഗണനാക്രമത്തില്‍ ആദ്യം ഉള്‍പ്പെടുത്തുന്ന വിധത്തില്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ എഞ്ചിനീയര്‍മാരുടെ കുറവ് \ിര്‍മാണപദ്ധതികളുടെ പുരോഗതിയ്ക്ക് വിലങ്ങുതടിയാകുന്നതായി യോഗം വിലയിരുത്തി.  പല എഞ്ചിനീയര്‍മാര്‍ക്കും ഒന്നിലധികം തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടച്ചുമതല ലഭിക്കുന്നുണ്ട്.  പുതിയ തസ്തികകള്‍ സൃഷ്ടിക്കുക മാത്രമാണ് ഇതിനു പരിഹാരം.     എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് മൂന്നു മാസത്തിനകം യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
ഭരണാനുമതി കിട്ടിയ മിക്ക പദ്ധതികളും സാങ്കേതികാനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ നീണ്ടുപോകുന്നത് പതിവാണ്.  സെര്‍വര്‍ തകരാറും ഇതിനു കാരണമാകാറുണ്ട്. പ്രൊജക്ടുകള്‍ ഒരുമിച്ച് അപ് ലോഡ് ചെയ്യുന്നതിനു പകരം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോ പ്രോജക്ടും അപ് ലോഡ് ചെയ്താല്‍ ഇതു പരിഹരിക്കാവുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  ഉത്തര- മധ്യ- ദക്ഷിണ കേരളം എന്ന രീതിയില്‍ മൂന്നു മേഖലകളായി സംസ്ഥാനത്തെ ഭാഗിച്ച് സെര്‍വര്‍ സ്ഥാപിക്കുകവഴി നെറ്റ് വര്‍ക്കിലെ പ്രശ്‌നം പരിഹരിക്കുന്ന കാര്യം പരിശോധിച്ചു വരികയാണ്.
നിര്‍മാണ സാമഗ്രികള്‍ പണിസ്ഥലത്തേക്കു കൊണ്ടുവരുന്നതിനുള്ള കണ്‍വേയന്‍സ് റേറ്റിലെ നിരക്കു വ്യത്യാസവും വെല്ലുവിളിയാണ്.  വൈപ്പിന്‍, പള്ളുരുത്തി ബ്ലോക്കുകളില്‍പെട്ട പ്രദേശങ്ങളില്‍ നിരക്ക് കൂടുതലാണ്.  വെള്ളക്കെട്ടുംമറ്റുമുള്ളതാണ് കാരണം.  ഇതിനു പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനല്‍കി.  ഇതു സംബന്ധിച്ച് മന്ത്രിതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  ധനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകും.  നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യവും പരിഹരിക്കും.
നടത്തിപ്പിനിടയില്‍ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തത് കഴിഞ്ഞ സാമ്പത്തികവര്‍ഷം നേട്ടമായി.  എല്ലാ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.  കക്ഷി രാഷ്ട്രീയത്തിന്നതീതമായി തദ്ദേശഭരണ മേലധ്യക്ഷന്മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതും പുരോഗതി കൈവരിക്കുന്നതില്‍ നിര്‍ണ്ണായകമായെന്ന് മന്ത്രി പറഞ്ഞു.  പദ്ധതി നിര്‍വ്വഹണത്തില്‍ എറണാകുളം ജില്ല മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമസഭ കൂടി തയ്യാറാക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉടനടി ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കിയില്ലെങ്കില്‍ അത് അവസരനിഷേധത്തിനു കാരണമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  ഈ സാമ്പത്തിക വര്‍ഷം 111 തദ്ദേശ സ്ഥാപനങ്ങളില്‍ 66 എണ്ണമാണ് ഗുണഭോക്തൃ ലിസ്റ്റ് സമര്‍പ്പിച്ചത്.    ഭിന്നശേഷി, സംരംഭകത്വം, സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയില്‍ പ്രത്യേകഫണ്ട് നീക്കിവെക്കണം.
 റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിരവധി പരാതികളുയരുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.  അര്‍ഹരായവര്‍ ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തതായാണ് പരാതി.  ഇതിനു പരിഹാരം കാണാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.  അനര്‍ഹരെ നീക്കംചെയ്യുന്ന ഒഴിവില്‍  അര്‍ഹരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച പദ്ധതി പുരോഗതി കൈവരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡു നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.  ജനകീയരായ ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കും.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ മൂന്നു മാസം പിന്നിട്ടപ്പോള്‍ പാറക്കടവ് ബ്ലോക്കു പഞ്ചായത്തും (26%) നോര്‍ത്ത് പറവൂര്‍ മുന്‍സിപ്പാലിറ്റിയും (22.76%) വടക്കേക്കര ഗ്രാമ പഞ്ചായത്തും (27.25%) പദ്ധതി നിര്‍വ്വഹണത്തില്‍ മുമ്പിലെത്തി.  ജില്ലാ പഞ്ചായത്ത് 6.77 ശതമാനവും കോര്‍പ്പറേഷന്‍ 11.99 ശതമാനവും പുരോഗതി കൈവരിച്ചു.  പദ്ധതി നിര്‍വഹണത്തിലെ പിഴവുകള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍, നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ജില്ല കൈവരിച്ച നേട്ടങ്ങളും യോഗം വിലയിരുത്തി. 90.05 % പദ്ധതികള്‍ പൂര്‍ത്തിയാക്കി  എറണാകുളം ജില്ല പദ്ധതി നടത്തിപ്പില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു.   ആലുവ, നോര്‍ത്ത് പറവൂര്‍, കോതമംഗലം മുന്‍സിപ്പാലിറ്റികളും പാറക്കടവ്, വാഴക്കുളം, പറവൂര്‍, വൈപ്പിന്‍, അങ്കമാലി, പാമ്പാക്കുട, കൂവപ്പടി, പള്ളുരുത്തി ബ്ലോക്കു പഞ്ചായത്തുകളും അശമന്നൂര്‍, പാറക്കടവ്, ശ്രീമൂലനഗരം, ഉദയംപേരൂര്‍, കാലടി, കാഞ്ഞൂര്‍, വാഴക്കുളം, നെടുമ്പാശ്ശേരി, കോട്ടുവള്ളി, അലങ്ങാട്, വടക്കേക്കര, തുറവൂര്‍, ചിറ്റാട്ടുകര, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍, ചെങ്ങമനാട്, വരാപ്പുഴ, ചൂര്‍ണ്ണിക്കര, എലഞ്ഞി, രായമംഗലം, കോട്ടപ്പടി, തിരുമാറാടി, മഞ്ഞല്ലൂര്‍, മുളന്തുരുത്തി, കവളങ്ങാട് ഗ്രാമ പഞ്ചായത്തുകളും  100 % പദ്ധതി പുരോഗതി കൈവരിച്ചു.  ഈ  സ്ഥാപനങ്ങളുടെ അധ്യക്ഷനും സെക്രട്ടറിയും മന്ത്രിയില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.  90 ശതമാനത്തിലധികം പദ്ധതി പുരോഗതി നേടിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷത വഹിച്ചു.  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ടി.കെ.ജോസ്, നഗരകാര്യവകുപ്പ് ഡയറക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ പി.ഡി.ഷീലാദേവി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് തുളസി, ജില്ലയിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.