എറണാകുളം: കോവിഡ് പ്രതിരോധത്തിൻ്റെ ആദ്യ ഡോസ് നേടാൻ ജില്ല നടത്തിയത് പഴുതില്ലാത്ത ആസൂത്രണം. വിവിധ ദൗത്യങ്ങൾ പ്രതിരോധങ്ങളില്ലാതെ പൂർത്തിയാക്കിയപ്പോൾ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ കൈകളിലെത്തി.

ജില്ലാ ഭരണകൂടത്തോടൊപ്പം ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും തൊഴിൽ വകുപ്പും ഒരുമിച്ചപ്പോൾ കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ ജില്ല മാതൃകയായി.

2021 ജനുവരി 16 നാണ് ജില്ലയിൽ വാക്സിൻ വിതരണം ആരംഭിച്ചത്. ജില്ലയിലെ 63,000 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ വാക്സിൻ നൽകിയത്. ആദ്യഘട്ടത്തിൽ 73000 ഡോസ് വാക്സിൻ ജില്ലക്ക് ലഭ്യമായതിൽ 1040 ഡോസ് കേന്ദ്ര സർക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവർത്തകർക്കും 71,290 ഡോസ് വാക്സിൻ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പ്രവർത്തകർക്കുമാണ് നൽകിയത്.

ജില്ലയിലെ 14 ബ്ലോക്കുകളിലായി 260 വാക്സിൻ സെന്ററുകൾ വഴിയാണ് വാക്സിൻ വിതരണം നടത്തിയത്. ആയുഷ്, ഹോമിയോ, സ്വകാര്യ ആശുപത്രികളെയും വാക്സിൻ സെന്ററുകളായി ഉൾപ്പെടുത്തി.

വാക്സിൻ വിതരണത്തിനായി ആവിഷ്കരിച്ച പദ്ധതികളെല്ലാം കൃത്യമായ ലക്ഷ്യത്തിലെത്തിക്കാൻ ആരോഗ്യ വകുപ്പിനു സാധിച്ചു.

പട്ടികവർഗക്കാർക്കു വേണ്ടി ട്രൈബ് വാക്സ് പദ്ധതി മുഖേന 18 വയസു പൂർത്തിയായ 7089 പേർക്കും വാക്സിൻ നൽകി. ഭിന്നശേഷി ക്കാർക്കു വേണ്ടി നടപ്പാക്കിയ ഡിസ്പൽവാക്സ് മുഖേന 55443 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. എച്ച്.ഐ.വി. ബാധിതർക്കായി നടത്തിയ ആർട് വാക്സ് മുഖേന 411 പേരിലും വാക്സിനെത്തി. അതിഥി തൊഴിലാളികൾക്കായി നടപ്പാക്കിയ ഗസ്റ്റ് വാക്സ് പദ്ധതി പ്രകാരം ആകെ 83510 തൊഴിലാളികളും വാക്സിൻ സ്വീകരിച്ചു.

വൃദ്ധ സദനങ്ങളിലെയും സാന്ത്വന പരിചരണ കേന്ദ്രങ്ങളിലെയും അന്തേവാസികളായ 21662 ആളുകൾക്കും വാക്സിൻ നൽകി. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ 57 ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്.

മാതൃകവചം പദ്ധതിയിലൂടെ 8699 ഡോസ് കൈമാറി ഗർഭിണികൾക്കും വാക്സിൻ്റെ സുരക്ഷ നൽകി.

ചെല്ലാനത്തെ രോഗവ്യാപനം കുറക്കുന്നതിനായി പ്രത്യേക വാക്സിൻ ഡ്രൈവ് തന്നെ ആരോഗ്യ വകുപ്പ് തയാറാക്കി. ഇതിലൂടെ 45 വയസ് പൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് നൽകി. അതേപോലെ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചും വാക്സിൻ സ്പെഷൽ ഡ്രൈവുകൾ നടപ്പിലാക്കി.150482 ഡോസ് വാക്സിനാണ് ഇവിടെ വിതരണം ചെയ്തത്.