മലപ്പുറം: അതി ദരിദ്രരെ കണ്ടുപിടിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി നടക്കുന്ന ജില്ലാതല കോര്‍ ടീം പരിശീലനം ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റഫീഖ ഉദ്ഘാടനം ചെയ്തു. പദ്ധതി സുതാര്യവും വസ്തുനിഷ്ഠവുമായി നിര്‍വഹിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ പദ്ധതിയുടെ കൈ പുസ്തകം പ്രകാശനം ചെയ്തു.

പദ്ധതിയിലൂടെ അര്‍ഹരെ മാത്രം കണ്ടെത്തുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും കഴിയട്ടെയെന്ന് ജില്ലാകലക്ടര്‍ ആശംസിച്ചു. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതി ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാതെ പോയവരെ കണ്ടെത്തുന്നതോടൊപ്പം അതീവ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ഉപജീവനത്തിന് വഴിയൊരുക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസര്‍ പ്രീതി മേനോന്‍ അധ്യക്ഷയായി. കെ.കെ ജനാര്‍ദ്ദനന്‍, ബീന സണ്ണി, എ.ശ്രീധരന്‍, പ്രീതി മേനോന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കില ഫാക്കല്‍റ്റി ഡോ. രാജേഷ്, ജില്ലാ ഫെസിലിറ്റേറ്റര്‍ എ. ശ്രീധരന്‍, എക്കണോമിക്‌സ്് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എ.ധന്യ എന്നിവര്‍ സംസാരിച്ചു.