കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒറ്റ ക്ലിക്കിലൂടെ കണ്ടെത്താനും വിവരങ്ങള്‍ അറിയാനും ‘എന്റെ ജില്ല’ മൊബൈല്‍ ആപ്പ്. ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ എന്നിവ സംയുക്തമായി തയ്യാറാക്കിയ ആപ്പില്‍ റവന്യൂ, പോലീസ്, ആര്.ടി.ഒ, എക്സൈസ്, ആരോഗ്യം, ഫിഷറീസ്, കൃഷി തുടങ്ങി ജില്ലയിലെ 20 വകുപ്പുകള്ളുടെ ഓഫീസുകളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാണ്.
അക്ഷയ, ട്രഷറി, കെ.എസ്.ആര്.ടി.സി ഡിപ്പോകള്‍ തുടങ്ങിയ അവശ്യ സേവനങ്ങളും വിരല്‍ത്തുമ്പില്‍ അറിയാം. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഗൂഗിള്‍ മാപ്പിലൂടെ കണ്ടെത്താനും ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ എന്നിവ വഴി നേരിട്ട് ബന്ധപ്പെടാനും ആപ്പ് സഹായകമാണ്. ഓഫീസില്‍ നിന്നും ലഭ്യമായ സേവനം പൊതുജനങ്ങള്‍ക്ക് റേറ്റിങ്ങിലൂടെ വിലയിരുത്താനുമാകും. അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവുമുണ്ട്. ഇതുവഴി പരാതികളും അറിയിക്കാം.
ഓഫീസുകളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ജില്ലാ കലക്ടര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ജനസൗഹൃദവും സുതാര്യവും ആക്കുന്നതിന് എന്റെ ജില്ല ആപ്പ് പ്രയോജനപ്പെടുത്താമെന്ന് ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ് പറഞ്ഞു.
സംസ്ഥാനത്തെ ഏത് ജില്ലയിലെയും വിവരങ്ങള്‍ ഓപ്ഷന് കൊടുക്കുന്നതിനനുസരിച്ച് ആപ്പില്‍ ലഭ്യമാണ്. ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരശേഖരണം അവസാന ഘട്ടത്തിലാണെന്ന് സാങ്കേതിക സംവിധാനത്തിന്റെ ചുമതലയുള്ള ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.
