തൃത്താല മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയുടെ കരട് ഒരു മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കാനായി പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാന പ്ലാനിങ് ബോർഡ് അംഗങ്ങൾ, കാർഷിക- ഫിഷറീസ്- വെറ്ററിനറി സർവകലാശാലകളിലെ വിദഗ്ധർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരുമായാണ് യോഗം ചേർന്നത്.
കാർഷിക, മൃഗസംരക്ഷണ മത്സ്യബന്ധന, ടൂറിസം, മണ്ണ്-ജലവിഭവ സംരക്ഷണം എന്നീ മേഖലകളിൽ തൃത്താലയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും പദ്ധതി യാഥാർഥ്യമാക്കുക. തരിശുഭൂമി പരമാവധി കൃഷിയോഗ്യമാക്കാനും കൃഷി, മത്സ്യം വളർത്തൽ, ക്ഷീരവികസനം എന്നീ മേഖലകളിലെ ഉത്പാദനം വൻതോതിൽ വർധിപ്പിച്ചും ഉത്പാദനക്ഷമത ഉയർത്തിയും ജനങ്ങളുടെ വരുമാനവും ജീവിതനിലവാരവും ഉയർത്താൻ പദ്ധതി ലക്ഷ്യമിടുന്നു.
ഇതിന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ സഹായവും മാർഗ്ഗനിർദ്ദേശങ്ങളുമുണ്ടാകും. കാർഷിക- ഫിഷറീസ് – വെറ്ററിനറി സർവകലാശാലകളുടെ സാങ്കേതിക സഹായമടക്കമുള്ള വൈദഗ്ധ്യം ലഭ്യമാക്കും. ഉത്തരവാദിത്വ ടൂറിസം പദ്ധതി മണ്ഡലത്തിൽ നടപ്പാക്കും. ഇതിനായി മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്.
യോഗത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധ്യക്ഷയായി. ആസൂത്രണ ബോർഡ് അംഗം ആർ. രാംകുമാർ, ഡോ. ടി പ്രദീപ്കുമാർ (കാർഷിക സർവകലാശാല വെജിറ്റബിൾ സയൻസ് വിഭാഗം), ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ- ഓർഡിനേറ്റർ രൂപേഷ്കുമാർ, ഡോ. ബെറിൻ പത്രോസ് (കാർഷിക സർവകലാശാല എന്റമോളജി വിഭാഗം), ഡോ. പി. കെ സുരേഷ്കുമാർ (കാർഷിക സർവകലാശാല അഗ്രികൾച്ചർ എഞ്ചിനീയറിംഗ് വിഭാഗം), ഡോ. ജയശ്രീ (കാർഷിക സർവകലാശാല വിജ്ഞാനവ്യാപന വിഭാഗം ഡയറക്ടർ), ഡോ . ജയരാജ് (കൃഷി വിജ്ഞാന കേന്ദ്രം കണ്ണൂർ) തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. മോഹനൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ കുഞ്ഞുണ്ണി എന്നിവർ പങ്കെടുത്തു.