ആലപ്പുഴ: കൈനകരി മേഖലയിലെ വെള്ളക്കെട്ട് പമ്പ് ചെയ്ത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. കനകാശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതു കണക്കിലെടുത്താണിത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കൈനകരി പഞ്ചായത്ത് സെക്രട്ടറിക്കാണ് വെള്ളം പമ്പ് ചെയ്ത് കളയുന്നതിനുള്ള ചുമതല. ഇതിനായി അഗ്നിരക്ഷാ സേനയുടെ പക്കലുള്ള വലിയ പമ്പുകള്‍ ജില്ലാ ഫയര്‍ ഓഫീസര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറും. പമ്പിംഗിന് ഇന്ധന ചിലവിനത്തില്‍ വേണ്ടിവരുന്ന തുക ലഭ്യമാക്കുന്നതിന് കുട്ടനാട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയി.

പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. ഏബ്രഹാം, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എസ്. ബിന, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.