കോവിഡ് 19 കാലത്ത് വീട്ടകങ്ങളില്‍ അടഞ്ഞു കിടന്നതിന്റെ ഭാഗമായി കൗമാരക്കാരില്‍ കണ്ടുവരുന്ന അതിസങ്കീര്‍ണമായ മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കലാലയ ജ്യോതി ബോധവത്കരണ പരിപാടി സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടത്തുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ അഡ്വ. പി. സതീദേവി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

കലാലയ ജ്യോതി തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ചു. വിദ്യാര്‍ഥികളുടെ മാനസിക പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ നടക്കുന്ന ചൂഷണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം കാസര്‍കോട് ജില്ലയില്‍ വളരെ മികച്ച രീതിയില്‍ നടന്നുവരുന്നതായി പി. സതീദേവി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും മികച്ച രീതിയില്‍ ഗ്രാമീണ മേഖലയിലെ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയില്‍ പരാതികളുടെ എണ്ണം കുറവാണ്.
വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നാല്‍ പല പ്രശ്നങ്ങളും തുടക്കത്തില്‍ തന്നെ മനസ്സിലാക്കാനും ഗ്രാമങ്ങളില്‍ തന്നെ പരിഹരിക്കാനും സാധിക്കും. കുടുംബ ബന്ധങ്ങളിലെ ശിഥിലത സംബന്ധിച്ച പരാതികള്‍ സംസ്ഥാനത്ത് വലിയ രീതിയില്‍ ലഭിക്കുന്നുണ്ട്. ഇതിന് പരിഹാരമായി വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിവാഹപൂര്‍വ കൗണ്‍സിലിങ് ലഭിച്ചതിന്റെ രേഖകള്‍ കൂടെ ആവശ്യപ്പെടുന്ന രീതിയിലേക്ക് കൗണ്‍സിലിങിന് പ്രാധാന്യം നല്‍കാന്‍ കമ്മീഷന്‍ ആലോചിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

സിറ്റിങില്‍ 35 പരാതികളാണ് പരിഗണിച്ചത്. ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയിന്‍മേല്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. 25 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവിക്കാണ് ഇനിമുല്‍ ജില്ലയുടെ ചുമതല. അധ്യക്ഷയ്ക്ക് പുറമെ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, അഭിഭാഷക പാനലിലുള്ള രേണുക തങ്കച്ചി, ടിറ്റി എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.