കലാലയങ്ങളിൽ ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ‘സമഭാവനയുടെ സത്കാലാശാലകൾ’ എന്ന പേരിൽ നടത്തും. ഇതിന്റെ ഉദ്ഘാടനം 17ന് രാവിലെ 9.30ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും. തുടർന്ന് ഈ വിഷയത്തിൽ ശിൽപശാല നടക്കും. 18നും ശിൽപശാല തുടരും.

തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാന്റ് ചൈത്രം ഹോട്ടലിലാണ് ശിൽപശാല നടക്കുക. ജൻഡർ അവബോധം വളർത്തിയെടുക്കുന്നതിനായി യുവതലമുറയെ സജ്ജമാക്കുക, നിലനിൽകുന്ന ലിംഗവേചനത്തിന്റെ സ്വാഭാവികമെന്നു തോന്നിപ്പിക്കുന്ന ഭിന്നമുഖങ്ങൾ മാറ്റിയെടുക്കുക, തിരിച്ചറിയുന്ന വിവേചനങ്ങളെ പ്രകടമായ വിവേചനത്തെ തിരുത്തുക, ലിംഗപദവിയുടെ വിവിധ വശങ്ങൾ- ശാസ്ത്രീയത, നിയമം മുതലായവ പഠിക്കുക, കലായങ്ങളിലെ പൊതു ഇടങ്ങളിൽ ജൻഡർ സൗഹൃദപരമാക്കുക, പരാതിസെല്ലുകളെ ഫലപ്രദമായി പ്രവർത്തനത്തിൽ കൊണ്ടുവരുക, മുഖ്യ അധ്യാപിക മുതൽ വാർഡനും സെക്യൂരിറ്റിയും വരെയുണ്ടാകേണ്ട സ്ത്രീസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക, സ്വയരക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് പ്രാപ്തമാക്കുക, ജെൻഡർ അവബോധം ജീവിതശൈലിയാക്കുക, കലാലയങ്ങളെയും സൗഹൃദങ്ങളെയും ലിംഗചൂഷണ മുക്തമാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ പരിപാടി സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തും. ചടങ്ങിൽ

ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്‌ചെയർമാൻ രാജൻ ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തും.ഹിംസാത്മകതയുടെയും അവമതികളുടെയും വിഷയങ്ങൾ അതാത് അവസരങ്ങിൽ അഭിസംബോധന ചെയ്യപ്പെടണമെന്ന കാഴ്ചപ്പാടോടെയാണ് പ്രചാരണപരിപാടികൾ ആവിഷ്‌കരിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ സാധാരണമായ മൗനങ്ങളും അലംഭാവങ്ങളും നിസ്സംഗതകളും താമസംവിനാ നീക്കപ്പെടണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കരുതുന്നതായി മന്ത്രി പറഞ്ഞു.

കരിക്കുലത്തിലും സിലബസിലും ഇതിനു വേണ്ട മാറ്റങ്ങൾ ഉണ്ടാകണം. സ്ഥാപനങ്ങളിലെ അന്തരീക്ഷവും ഇതനുസരിച്ച് പുതുക്കണം. ഇന്റേണൽ കംപ്ലൈന്റ്‌സ് കമ്മിറ്റികൾ മാനദണ്ഡപ്രകാരം പ്രവർത്തിക്കുന്നത് ഉറപ്പാക്കണം. ഇരയെ കുറ്റപ്പെടുത്താനല്ല, നീതി ഉറപ്പാക്കാനാണ് ഈ സംവിധാനങ്ങൾ എന്നത് സ്ഥാപിക്കപ്പെടണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇതിനകം നിർദ്ദേശിച്ചിട്ടുള്ള ജെൻഡർ ജസ്റ്റിസ് ഫോറങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യങ്ങളെല്ലാം ശില്പശാല വിശദമായി ചർച്ചചെയ്യുമെന്ന് മന്ത്രി പറഞ്ഞു.