മലപ്പുറം: ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ക്കായി സിസിഐ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് മലപ്പുറം ക്ലബ് വണ്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ്ലൈന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ എട്ട് ബാല സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ വിജയികളായി. മല്‍ജൗല്‍ അയ്ത്തം എളയൂര്‍ റണ്ണര്‍ അപ്പ് ആയി. മത്സര വിജയികള്‍ കളക്ടെഴ്സ് സെവനുമായി നടത്തിയ സൗഹൃദ മത്സരം സമനിലയായി.

കളക്ടെഴ്സ് സെവനില്‍ ഡിഎല്‍സ്എ സെക്രട്ടറി നൗഷാദലി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ധാനദാസ്, പ്രൊബേഷന്‍ ഓഫീസര്‍ ഫവാസ് പി.റെസ്‌ക്യൂ ഓഫീസര്‍ സുരാഗ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫസല്‍ പുല്ലാട്ട്, സിവില്‍ പൊലീസ് ഓഫീസര്‍ ഷാഫി ചൈല്‍ഡ്ലൈന്‍ കോര്‍ഡിനേറ്റര്‍മാരായ അന്‍വര്‍ കാരക്കാടന്‍, സി.പി സലീം, ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് മഹാമാരി കാരണം ഒന്നര വര്‍ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും കഴിയേണ്ടി വന്ന കുട്ടികളില്‍ മാനസികവും ആരോഗ്യപരവുമായ ഉന്മേഷം ഉണ്ടാക്കിയെടുക്കാനാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.