തിരുവനന്തപുരം: പഠനത്തിലും വേഷത്തിലും ഭക്ഷണത്തിലും ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള തുല്യത ഉറപ്പു വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തൈക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെനിർമ്മാണം പൂർത്തിയാക്കിയ ഹയർസെക്കണ്ടറി ബഹുനില മന്ദിരംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആൺ-പെൺ കുട്ടികൾക്കായി പ്രത്യേകം സ്കൂളുകൾ തുടരേണ്ടതുണ്ടോയെന്ന് സമൂഹം ചിന്തിക്കണമെന്നും ഒരു പെൺകുട്ടി പോലും അവസര നിഷേധത്തിന് ഇരയാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ലിംഗസമത്വം, അതിജീവനം, മാനവികത, മതേതരത്വം, ആരോഗ്യ പരിപാലനം, നിയമ ബോധവത്ക്കരണം, രാഷ്ട്രബോധം, സാങ്കേതിക മികവ്, തൊഴിൽ സാധ്യതകൾ എന്നിവ ഉൾപ്പെടുന്ന പാഠ്യപദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിഫ്ബി ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഹയർസെക്കണ്ടറി ബഹുനില മന്ദിരം പണികഴിപ്പിച്ചത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ, വൈദ്യുതീകരിച്ച കെട്ടിടത്തിൽ 11 ക്ലാസ് മുറികളും സയൻസ്- കമ്പ്യൂട്ടർ ലാബുകളും സ്റ്റാഫ് റൂമും ആധുനിക രീതിയിലുള്ള ശുചിമുറികളും ഭിന്നശേഷി സൗഹൃദ റാമ്പുകളും ഒരുക്കിയിട്ടുണ്ട്.
അഞ്ച് മുതൽ 12 വരെ ക്ലാസുകളിലായി മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഞെക്കാട് സ്കൂളിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തോടെ സ്ഥലപരിമിതിയ്ക്ക് പരിഹാരമായിരിക്കുകയാണ്. കെട്ടിടനിർമ്മാണത്തിന് മേൽനോട്ടം വഹിച്ച വാപ്കോസിനും നിർമ്മാണ ചുമതല നിർവഹിച്ച ഹെയർ കൺസ്ട്രക്ഷൻസിനും ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി.
ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രിൻസിപ്പാൾ കെ. കെ സജീവ്, വൈസ് പ്രിൻസിപ്പാൾ എൻ. സന്തോഷ് , മറ്റ് അധ്യാപകർ, പി.ടി.എ അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കെടുത്തു.