ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ കരിപ്പൂരിനെ ഉള്‍പ്പെടുത്തണം

മഞ്ചേരി മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് യു.എ ലത്തീഫ് എം.എല്‍.എ ഡിഡിസി യോഗത്തില്‍ ആവശ്യപ്പെട്ടു. സ്ഥലമെടുപ്പിന് റവന്യൂ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടെന്നും സാമൂഹികാഘാത പഠനം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഡപ്യൂട്ടി കലക്ടര്‍(എല്‍.എ) വിശദീകരിച്ചു. മഞ്ചേരി ഒലിപ്പുഴ റോഡിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിച്ചുവരുന്നു. മഞ്ചേരി സെക്കന്‍ഡ് റീച്ച് ബൈപാസ് റോഡിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കിഴാറ്റൂരില്‍ നിര്‍മിക്കുന്ന പൂന്താനം സ്മാരകം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. വളാഞ്ചേരി വട്ടപ്പാറ ഫയര്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് സംയുക്തപരിശോധന നടത്തും. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയാണ് ഫയര്‍ സ്റ്റേഷന്‍ നിര്‍മാണ പുരോഗതി സംബന്ധിച്ച വിഷയം ഉന്നയിച്ചത്. പെരിന്തല്‍മണ്ണ ടൗണിലെ പട്ടാമ്പി റോഡ് ഉള്‍പ്പെടുന്ന ഭാഗം നവീകരണ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞതായി കെ.എസ്.ടി.പി എക്സി. എഞ്ചിനീയര്‍ ജില്ല വികസന സമിതി യോഗത്തില്‍ അറിയിച്ചു. പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പെരിന്തല്‍മണ്ണയിലെ ഗതാഗത പ്രശ്നം പരിഹരിക്കാനാവൂ എന്ന് നജീബ് കാന്തപുരം എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.

കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ റിമ്പിള്‍ സ്ട്രിപ്പ് സ്ഥാപിച്ച നടപടി അപകടങ്ങള്‍ വരുത്തിവെക്കുന്നതായി ടി.വി ഇബ്രാഹിം എംഎല്‍എ പറഞ്ഞു. ഇതുസംബന്ധിച്ച പരാതികള്‍ ദേശീയ പാത അതോറിറ്റിയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് എക്സി. എഞ്ചിനീയര്‍ അറിയിച്ചു. കൊട്ടുകര ചെറാട് പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ‘ദ്യുതി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കും. ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടം നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഐ.എസ്.എം) അറിയിച്ചു. വള്ളിക്കുന്ന് കടലുണ്ടിക്കടവ് പാലത്തിന് സമീപം അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കാന്‍ 5,50,000 രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കും. ചേളാരി ഐ.ഒ.സി ബോട്ടിലിങ് പ്ലാന്റിന്റെ മതില്‍ റോഡിലേക്ക് വീഴാനിടയുണ്ടെന്നും അപകടം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പ്ലാന്റ് മാനേജര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടിയായി ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ എല്ലാ വകുപ്പുകളിലേയും ജില്ലാ തല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് ഗൗരവത്തോടെ കാണുമെന്നും ജില്ലാ വികസന കമ്മീഷണര്‍ പ്രേം കൃഷ്ണന്‍ പറഞ്ഞു.

ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ അവതരിപ്പിച്ച പ്രമേയം ജില്ലാ വികസനസമിതി യോഗം അംഗീകരിച്ചു. എം.എല്‍എമാരായ ടിവി ഇബ്രാഹിം, പി. ആബ്ദുള്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, യു.എ ലത്തീഫ്, നജീബ് കാന്തപുരം, പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ പ്രതിനിധിയായ അഡ്വ. അബു സിദ്ധിഖ്, ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എ മെഹറലി, ജില്ലാ വികസന കമ്മീഷണര്‍ പ്രേം കൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, മറ്റ് ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു.