ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളേജിൽ ജില്ലാതല എയ്ഡ്സ് ദിനാചരണം നടന്നു. ജില്ലാതല എയ്ഡ്സ് ദിനാചരണം ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് നിർവ്വഹിച്ചു. എയ്ഡ്സ് രോഗബാധിതർ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവരല്ലെന്നും അസമത്വം ഉണ്ടാകാത്ത വിധത്തിൽ അവരെ നമ്മളിലൊരാളായി ഉൾക്കൊള്ളാനാകണമെന്നും മേയർ പറഞ്ഞു.
തുടർന്ന് മുഖ്യാതിഥിയായ ജില്ലാ കലക്ടർ ഹരിത വി കുമാർ എയ്ഡ്സ് ദിന സന്ദേശം നൽകി. ‘അസമത്വങ്ങൾ അവസാനിപ്പിക്കാം, എയിഡ്സും മഹാമാരിയും ഇല്ലാതാക്കാം’ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് എയ്ഡ്സ് ദിനാചരണം നടന്നത്. സന്ദേശം നൽകുന്നതിൻ്റെ ഭാഗമായി ജില്ലാ കലക്ടർ ദീപം തെളിയിച്ചു. തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൻ കെ കുട്ടപ്പൻ വിഷയാവതരണം നടത്തി. സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
കോളേജ് പ്രിൻസിപ്പാൾ ഡോ. ചാക്കോ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാന്മാരായ പി കെ ഷാജൻ, എ വി വല്ലഭൻ, വാർഡ് കൗൺസിലർ ലാലി ജെയിംസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ടി കെ അനൂപ്, കെ എൻ സതീഷ്, കെ ടി പ്രോംകുമാർ, ജില്ലാ ആർ സി എച്ച് ഓഫീസർ ടി കെ ജയന്തി, ജില്ലാ പ്രോഗ്രാം മാനേജർ ആരോഗ്യകേരളം യു ആർ രാഹുൽ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി എ ഹരിതാദേവി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.