പോലീസ് എഫ്. ഐ.ആര്‍ രേഖപ്പെടുത്തിയ പരാതികള്‍ ജില്ലാതല അദാലത്തുകളില്‍ പരിഗണിക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം അതിഥി മന്ദിരത്തില്‍ നടന്ന പരാതി പരിഹാര അദാലത്തിലാണ് പരാമര്‍ശം. ഇത് നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്. ഇത്തരം പരാതികളില്‍ കമ്മീഷന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കില്ല. പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ട് എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയശേഷം ഇന്‍ലാന്റ് നാവിഗേഷനിലെ ജീവനക്കാരി നല്‍കിയ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് പരാമര്‍ശം.
സമൂഹമാധ്യമങ്ങളിലൂടെയുള്ള തൊഴില്‍ സംബന്ധമായ പരസ്യങ്ങളില്‍ വഞ്ചിതരാകാതെ സ്ത്രീകള്‍ ശ്രദ്ധിക്കണം. തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള ഹൊറിസോണ്‍ ഫെസിലിറ്റി മാനേജ്‌മെന്റ് സര്‍വീസ് എന്ന സ്ഥാപനത്തിനെതിരെ 10 വനിതകള്‍ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍. പരാതിയില്‍ കമ്മീഷന്റെ പോലീസ് വിങ്ങിന്റെ സഹായത്തോടെ തുടരന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും.
100 പരാതികള്‍ പരിഗണിച്ചു. 15 എണ്ണം തീര്‍പ്പാക്കി. ഒരു പരാതി റിപ്പോര്‍ട്ട് തേടുന്നതിനും 84 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, എം. എസ്. താര, ഇ. എം. രാധ, എസ്. ഐ. അനിത റാണി, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.  അദാലത്ത് ഡിസംബർ മൂന്നിനും തുടരും