കാക്കനാട്: ഔഷധസമ്പത്ത് പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഔഷധബോര്‍ഡ് നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയില്‍ ജില്ലാതല ശില്‍പ്പശാല നടത്തി. ജില്ലയിലെ എല്ലാ വീടുകളിലും ഔഷധസസ്യകൃഷി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഔഷധഗ്രാമം ഒരുക്കുക. ഗ്രാമപഞ്ചായത്തുകളിലെ നഴ്സറികളില്‍ കറിവേപ്പ്, ആര്യവേപ്പ് തൈകള്‍ ഉല്‍പ്പാദിപ്പിച്ച് കേരളപ്പിറവി ദിനത്തില്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും തൈകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഔഷധബോര്‍ഡ് അംഗം ഡോ.പ്രിയ ദേവദത്ത് പദ്ധതിവിശദീകരണം നടത്തി. തൊഴിലുറപ്പ് പദ്ധതിയും നഴ്സറി സംവിധാനവും എന്ന വിഷയം അസി.പ്രോജക്ട് ഓഫീസര്‍ (വനിതാക്ഷേമം) പി.ഡി.എലീസ വിശദീകരിച്ചു. ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ കെ.എം.സുബൈദ, സംസ്ഥാന ഔഷധബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം ഡോ.സഞ്ജീവ് കുമാര്‍, പറവൂര്‍ ബി.പി.ഒ. സി.ജി.കമലകാന്ത പൈ തുടങ്ങിയവര്‍ പങ്കെടുത്തു.
