ആദ്യദിനത്തില്‍ പരിഗണിച്ചത് 83 കേസുകള്‍
സംസ്ഥാനത്ത് ജാതി വിവേചന കേസുകള്‍ വര്‍ദ്ധിച്ച് വരുന്നതായി സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവേജി പറഞ്ഞു. ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ദ്വിദിന പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്റെ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍. സ്‌കൂള്‍ കോളെജ് തലത്തില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരില്‍ നിന്നും നേരിടുന്ന ജാതി വിവേചനം , ഗോത്രജനതയില്‍ നിന്ന് ഭൂമി തട്ടിച്ചെടുക്കല്‍ തുടങ്ങിയ വിഷയങ്ങളിലുളള പരാതികളാണ് ആദ്യദിനത്തില്‍ കമ്മീഷന് മുന്നിലെത്തിയത്. ജാതിപരമായ കേസുകളില്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളില്‍ ഉദ്യോഗസഥര്‍ നടപടി കൈകൊള്ളാന്‍ വൈകുന്ന അവസരത്തില്‍ ഉന്നതതലത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. അട്ടപ്പാടി കൊല്ലക്കടവ് ഊരിലെ സുന്ദരന്‍ കെ.എസ്.ഇ.ബി ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട പരാതിയില്‍ മരണപ്പെട്ടയാളുടെ ഭാര്യയ്ക്ക് ആശ്രിത നിയമനവും സാമ്പത്തിക സഹായവും ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി സെക്രട്ടറിക്കും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ അട്ടപ്പാടി ഐ.റ്റി.ടി.പി ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ആദ്യദിനത്തില്‍ 83 പരാതികള്‍ പരിഗണിച്ചു. 61 കേസുകള്‍ തീര്‍പ്പാക്കി. പുതിയതായി 17 കേസുകളാണ് കമ്മീഷന് ലഭിച്ചത്.അദാലത്ത് ഇന്നും(ജൂലൈ 26) തുടരും. കമ്മീഷന്‍ അംഗങ്ങളായ അഡ്വ.പി.ജെ.സിജ, മുന്‍ എം.പി എസ്. അജയകുമാര്‍, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ , സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ് , വിവിധ വകുപ്പ്തല ഉദ്യോഗസഥര്‍ പങ്കെടുത്തു.