മഴക്കെടുതി വിലയിരുത്താന്‍ എത്തുന്ന കേന്ദ്ര സംഘത്തിനുമുന്നില്‍ വ്യക്തവും വിശദവുമായ കണക്ക് അവതരിപ്പിച്ചാല്‍ മാത്രമേ അര്‍ഹമായ സാമ്പത്തിക സഹായം ലഭിക്കൂ എന്നുള്ളതിനാല്‍ ഇത്തരത്തിലുള്ള റിപ്പാര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കാന്‍ ജില്ലാ വികസന സമതി എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടുകളില്‍ ഓരോ നാശനഷ്ടത്തിന്റെയും വിശദാംശങ്ങളും പ്രത്യേകം ചേര്‍ത്തിരിക്കണമെന്ന് സമിതി അധ്യക്ഷനും ജില്ലാ കളക്ടറുമായ കെ.ജീവന്‍ബാബു പറഞ്ഞു.   പലപ്പോഴും നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ പോരായ്മയാണ് കേന്ദ്ര സഹായം ആര്‍ഹമായ രീതിയില്‍ കിട്ടാതിരിക്കാന്‍ കാരണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി ചൂണ്ടിക്കാട്ടി. മണ്ണിടിഞ്ഞുവീണ് താമസയോഗ്യമാല്ലാതായിമാറിയ വീടുകളില്‍ നിന്ന് മണ്ണ് നീക്കാന്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചെയ്യാനാവുന്ന സാധ്യത പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഭിത്തി തകര്‍ന്ന വീടുകളെ പൂര്‍ണമായി നശിച്ച വീടുകളുടെ ഗണത്തില്‍ പെടുത്തി സഹായം ലഭ്യമാക്കണം എന്ന് പി.ജെ ജോസഫ് എം.എല്‍.എ പറഞ്ഞു.
ഒക്ടോബര്‍ രണ്ടിനുമുമ്പ് ജില്ലയിലെ ആദിവാസി മേഖലയിലെ ആവശ്യമായവര്‍ക്ക് മുഴുവന്‍ ജനനസര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കാനും സമിതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.  കാഞ്ചിയാര്‍, കുളമാവ് പോലീസ് സ്റ്റേഷനുകളില്‍ രേഖപ്പെടുത്തുന്ന തൊടുപുഴ-കട്ടപ്പന റൂട്ടിലോടുന്ന ബസുകളുടെ സമയക്രമം അടുത്ത ജില്ലാ വികസന സമിതിയോഗത്തില്‍ അവതരിപ്പിക്കണം. എം.ആര്‍.എസ് സ്‌കൂളുകളുടെ പോരായ്മകള്‍ ചര്‍ച്ചചെയ്യാന്‍ ഓഗസ്റ്റില്‍ അടുത്ത സമതി യോഗത്തിനുമുമ്പ് എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇടുക്കി മണിയാറന്‍കുടി ഉടുമ്പന്നൂര്‍ റോഡ് നിര്‍മാണം വനംവകുപ്പ് തടസപ്പെടുത്തുന്ന വിഷയത്തില്‍ വനം വകുപ്പിന്റെ അന്തിമ തീരുമാനം തിങ്കളാഴ്ച കളക്ടറെ അറിയിക്കാന്‍ വികസന സമിതി നിര്‍ദേശിച്ചു. ഉടുമ്പന്നൂര്‍ കൈതപ്പാറ റോഡിന്റെ ആസ്തി രജിസ്റ്റര്‍ പരിശോധിച്ച് നിര്‍മാണം നടത്തിയ ഏജന്‍സിയെ കണ്ടെത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് വികസന സമിതിയോഗം നിര്‍ദേശം നല്‍കി. ജില്ലാ വികസന സമിതി, സ്യൂട്ട് സെല്‍, ദിശ അവലോകനം തുടങ്ങിയ യോഗങ്ങൡ ജില്ലാതല വകുപ്പ് മേധാവികള്‍ പങ്കെടുത്തിരിക്കണം എന്നും രണ്ട് ജില്ലകളുടെ ചുമതലയുള്ളവര്‍ ഒന്നിടവിട്ടമാസങ്ങളില്‍ പങ്കെടുക്കണം എന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.