ചാലക്കുടി താലൂക്ക് വികസനസമിതിയോഗം ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസ്സിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നയോഗത്തില്‍ വിവിധ വകുപ്പുതലവന്‍മാരും പ്രതിനിധികളും പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പിന്‍റെയും വൈദ്യുതി വകുപ്പിന്‍റെയും പ്രീമണ്‍സൂണ്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു. കാനകള്‍ വൃത്തിയാക്കുക, കാടുകള്‍ വെട്ടിത്തെളിക്കുക എന്നിങ്ങനെ പൊതുമരാമത്ത് വകുപ്പുമുഖേന നടപ്പിലാക്കുന്ന പ്രീ മണ്‍സൂണ്‍ വര്‍ക്കുകള്‍ ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി അറിയിച്ച് കൂടുതല്‍ ഫലപ്രദമായും, സമയബന്ധിതമായും നടപ്പിലാക്കണമെന്ന് അംഗങ്ങള്‍ നിര്‍ദ്ധേശിച്ചു. വൈദ്യുതി വകുപ്പിന്‍റെ ടച്ചിങ്ങ്സ് വെട്ടിമാറ്റുന്ന പ്രവര്‍ത്തി മഴക്കാലത്തിനു മുന്‍പുതന്നെ പൂര്‍ത്തീകരിക്കുന്നവിധം ക്രമീകരിക്കണമെന്നും ഇതിലൂടെ അനാവശ്യ വൈദ്യുതി തടസ്സവും, വൈദ്യുതി നഷ്ടവും ഒഴിവാക്കാനാകുമെന്നും നിര്‍ദ്ധേശമുണ്ടായി.

വഴിവിളക്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ടൈമറുകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി കരാറുകാരെ നിര്‍ബന്ധിതരാക്കുന്നതിനും വൈദ്യുതി വകുപ്പു ഉദ്യോഗസ്ഥന്‍മാരോട് യോഗം ആവശ്യപ്പെട്ടു. റേഷന്‍കാര്‍ഡില്‍ പേരുചേര്‍ക്കുന്നതും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പൊതുജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും, ഇത് ഒരു തുടര്‍ പ്രക്രിയയായതിനാല്‍ ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കാന്‍ ഏറ്റവും അടിയന്തിരമായ പരാതികള്‍ മാത്രം ഇപ്പോള്‍ സമിര്‍പ്പിച്ചാല്‍ മതിയെന്നും വകുപ്പുപ്രതിനിധി അറിയിച്ചു. വളരെക്കാലം നിര്‍ത്തിവച്ചിരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടി പുനരാരംഭിച്ചപ്പോള്‍ ഉണ്ടായ തിരക്ക് സമചിത്തതയോടെ നേരിട്ട സിവില്‍ സപ്ളൈസ് വകുപ്പ് അധികൃതരെ യോഗം അഭിനന്ദിച്ചു.
കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് ഐ കണ്ണത്ത്, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെനിഷ് പി ജോസ്, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നഗരസഭാ വൈസ് ചെയര്‍മാന്‍ വില്‍സണ്‍ പാണാട്ടുപറമ്പില്‍, ജില്ലാ പഞ്ചായത്തംഗം കാതറിന്‍ പോള്‍, വിവിധ രാഷ്ടിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ചാലക്കുടി തഹസ്സില്‍ദാര്‍ മോളി ചിറയത്ത് എഫ് സ്വാതവും ഡെപ്യൂട്ടി തഹസില്‍ദാര്‍ ലത എന്‍ ആര്‍ നന്ദിയും അറിയിച്ചു.