എറണാകുളത്തിന്റെ ‘നെല്ലറ’ എന്നറിയപ്പെടുന്ന തോട്ടറ പുഞ്ച ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ വികസനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായര്‍ സംസാരിക്കുന്നു.
പ്രഥമ പരിഗണന കൃഷിക്ക്
കാര്‍ഷിക മേഖലയിലെ വികസനത്തിനാണു മുന്‍തൂക്കം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആറ് പഞ്ചായത്തുകളയിലെയും കൃഷി സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണു ശ്രമിച്ചത്. തോട്ടറ പുഞ്ചയില്‍ നല്ല രീതിയില്‍ കൃഷിചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് 40 ലക്ഷം രൂപയുടെ പദ്ധതികളാണ് അവിടെ നടപ്പാക്കുന്നത്. ഒപ്പം എടക്കാട്ടുവയലില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഒന്നേകാല്‍ ഏക്കറോളം വരുന്ന സ്ഥലത്ത് അഗ്രികള്‍ച്ചറല്‍ പ്രോസസിങ് സെന്റര്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉദയംപേരൂരില്‍ നാളികേര ഉത്പാദനത്തിനായി 50 ലക്ഷം രൂപയുടെ പദ്ധതി നടന്നുകൊണ്ടിരിക്കുന്നു.
മാലിന്യ സംസ്‌കരണത്തില്‍ പുതിയ ചുവടുവെപ്പ്
മാലിന്യസംസ്കരണത്തിനും പ്രത്യേകം ശ്രദ്ധ നൽകുന്നു.. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി അരയന്‍കാവില്‍ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റര്‍(ആര്‍.ആര്‍.എഫ്) സ്ഥാപിച്ചു. കഴിഞ്ഞ ഭരണസമിതി ആരംഭിച്ച പ്രവര്‍ത്തനമായിരുന്നു, അത് ഇപ്പോള്‍ പൂര്‍ത്തീകരിച്ചു. ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ആറ് പഞ്ചായത്തുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇപ്പോള്‍ അവിടെ എത്തിച്ച് പ്രോസസിങ് നടത്തി സംസ്‌കരിക്കുന്നുണ്ട്. ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണമുള്‍പ്പെടെ നടത്തി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്.
ആരോഗ്യരംഗത്തെ മുന്നേറ്റങ്ങളും കോവിഡ് പ്രതിരോധവും
മുളന്തുരുത്തി, കീച്ചേരി, പൂത്തോട്ട എന്നിങ്ങനെ മൂന്നു സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍(സി.എച്ച്.സി) ആണ് ബ്ലോക്കിനു കീഴില്‍ വരുന്നത്. ഇതില്‍ മുളന്തുരുത്തിക്ക് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ ഏറ്റവും മികച്ച സി.എച്ച്.സിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു. കീച്ചേരി ആശുപത്രി മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. പൂത്തോട്ടയില്‍ വളരെ പഴക്കംചെന്ന കെട്ടിടങ്ങളായിരുന്നു, സ്ഥലപരിമിതിയും ഉണ്ടായിരുന്നു. ഇപ്പോള്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക ആരോഗ്യകേന്ദ്രമായി പുതുക്കിപ്പണിയുകയാണ്.
ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണു പ്രധാന ലക്ഷ്യം. പൂത്തോട്ട, മുളന്തുരുത്തി ആശുപത്രികളില്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനം ലഭ്യമാക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഈ സംവിധാനം ഉപകാരപ്രദമാണ്. മുളന്തുരുത്തി ബ്ലോക്കില്‍ മാത്രം 38 ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബ്ലോക്കില്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. വാക്‌സിനേഷന്‍ 90 ശതമാനം പൂര്‍ത്തിയാക്കി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാകുകയാണ്. കരുതല്‍ ഡോസ് നൽകുന്നതും ആരംഭിച്ചിട്ടുണ്ട്.
തരിശുഭൂമികള്‍ കൃഷിയിടങ്ങളാക്കാന്‍ പദ്ധതി
പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ബ്ലോക്ക് തലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരുമുറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ എല്ലാം കൃഷി ചെയ്തിരുന്നു. ഇനി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വെറുതെ കിടക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാനും, പിന്നീട് ഒരു കാര്‍ഷിക വിപണന കേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്. തൊഴിലുറപ്പുകാരെയും ഹരിത സേനയെയും സംയുക്തമായി പങ്കെടുപ്പിച്ചാണു പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
‘എടിഎം’ രീതിയില്‍ പാല്‍ വില്‍പന സംവിധാനം
ക്ഷീരകര്‍ഷകര്‍ക്കായി കഴിഞ്ഞ വര്‍ഷം 15 ലക്ഷം രൂപ ഇന്‍സെന്റീവ് ആയി കൊടുത്തിട്ടുണ്ട്. ഒരു ലിറ്റര്‍ പാലിന് മൂന്നു രൂപ വീതം ഇന്‍സെന്റീവ് കൊടുത്തിരുന്നു. എടിഎം പോലെ പൈസ നിക്ഷേപിച്ചു പാല്‍ കിട്ടുന്ന സംവിധാനം, കാലിത്തീറ്റ ഉണ്ടാക്കുന്ന സ്ഥാപനം എന്നിങ്ങനെ രണ്ടു പുതിയ നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. അത് അടുത്ത പദ്ധതിയുടെ സമയത്ത് ആലോചിക്കുന്നുണ്ട്. കൂടാതെ യുവതലമുറയെ ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിടുന്നുണ്ട്.
കുട്ടികള്‍ക്കും അമ്മമാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കരുതല്‍
രണ്ടു വര്‍ഷമായി കുട്ടികള്‍ വീട്ടില്‍ തന്നെയാണ്. ഇതു കുട്ടികളെ മാനസികമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ അവര്‍ക്കുള്ള കൗണ്‍സിലിംഗ് ആവശ്യമാണ്. സ്ത്രീകള്‍ക്കെതിരെ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നുണ്ട്. മുളന്തുരുത്തി ഗവ.ആശുപത്രി കേന്ദ്രീകരിച്ച് പാരന്റല്‍ ക്ലിനിക്ക് തുടങ്ങുന്നതിനുള്ള പദ്ധതി തീരുമാനത്തിലുണ്ട്. ഇതിനു പുറമെ മോഡല്‍ അങ്കണവാടികള്‍ നിര്‍മ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പുകൾക്കായി വര്‍ഷം 16 ലക്ഷം രൂപ മാറ്റിവയ്ക്കുന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് മുളന്തുരുത്തി ആശുപത്രിയില്‍ സ്പീച്ച് തെറാപ്പി സംവിധാനം ഒരുക്കുന്നതിനായി 3-4 ലക്ഷം രൂപ അനുവദിച്ചു. ഒപ്പം ബഡ്‌സ് സ്‌കൂളുകളും പകല്‍ വീടുകളും ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്.
സര്‍/മാഡം വിളികള്‍ ഇല്ലാത്ത ബ്ലോക്ക്
സര്‍, മാഡം തുടങ്ങിയ അഭിസംബോധനകള്‍ ഒഴിവാക്കാനും അപേക്ഷ ഫോം, അവകാശ പത്രികയാക്കാനും തീരുമാനമെടുത്ത ബ്ലോക്ക് പഞ്ചായത്ത് കൂടിയാണ് മുളന്തുരുത്തി. പാലക്കാട് മാത്തൂര്‍ പഞ്ചായത്തില്‍ ഇതു കൊണ്ടുവന്നപ്പോഴാണ് ഇങ്ങനെ ഒരു സാധ്യത മനസിലാക്കുന്നതും ഭരണസമിതി തീരുമാനിക്കുന്നതും. അത്തരം കാര്യങ്ങള്‍ മാറ്റാന്‍ ബോധപൂര്‍വ്വമായ ശ്രമം ആവശ്യമാണ്. ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ അതു തിരുത്താനുള്ള ശ്രമം നടത്തുന്നുണ്ട്.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ത്രീ സൗഹൃദപരമായ പദ്ധതികള്‍
വരും വര്‍ഷങ്ങളില്‍ സ്ത്രീ സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നത്. സാനിറ്ററി പാഡിന്റെ ഉപയോഗം കുറച്ച് മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു പദ്ധതി നടപ്പിലാക്കും. ഒപ്പം നിലവില്‍ പാഡ് ഉപയോഗിക്കുന്നവര്‍ക്ക് അത് ഡിസ്‌പ്പോസ് ചെയ്യാന്‍ സൗകര്യം ഉണ്ടാക്കണം. കൂടാതെ ഭരണഘടന എന്താണെന്നും അതിലെ അവകാശങ്ങളെകുറിച്ചും നിയമങ്ങളെകുറിച്ചും ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്താനാണ് ലക്ഷ്യമിടുന്നതെന്നും രാജു.പി. നായര്‍ പറയുന്നു.
അഭിമുഖം: കെ.ബി റാഹിമീന്‍