ഹരിത കര്‍മ്മസേനയുടെ അജൈവ പാഴ്വസ്തു ശേഖരണം ഉര്‍ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജനം കാര്യക്ഷമമാക്കാനും ‘സ്മാര്‍ട്ട് ഗാര്‍ബേജ്’ മൊബൈല്‍ ആപ്പുമായി കാഞ്ഞങ്ങാട് നഗരസഭ. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും സഹായത്തോടെയാണ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്വസ്തുക്കള് എത്രയാണെന്നും അവയുടെ സംസ്കരണം എങ്ങനെയാണെന്നും ഈ ആപ്ലിക്കേഷനിലൂടെ മനസിലാക്കാന്‍ സാധിക്കും. വീടുകള്‍ക്ക് നല്കുന്ന ക്യൂ.ആര്. കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക. ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്കരിച്ചതിന്റെ കണക്കുകളും ഈ ആപ്പിലൂടെ ലഭ്യമാകും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 7,63,000 രൂപ നഗരസഭ വകയിരുത്തി. ആപ്ലിക്കേഷന്‍ ആവശ്യമായ വെബ് ബേയ്സഡ് പ്രോഗ്രാം തയ്യാറാക്കുന്നതും മോണിറ്റര്‍ ചെയ്യുന്നതും കെല്‍ട്രോണാണ്. എല്ലാ വാര്‍ഡുകളിലെയും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും സംസ്ഥാന-ജില്ലാതല സംവിധാനങ്ങള്‍ക്കും മാലിന്യ ശേഖരണവും സംസ്കരണവും സംബന്ധിച്ച വിവരങ്ങളുടെ പുരോഗതി മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. ഹരിതകര്‍മ്മ സേനകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍, ഓഫീസ് ആവശ്യത്തിനുള്ള ലാപ്ടോപ് തുടങ്ങിയവ ലഭ്യമാക്കും. ഇതിനും കെല്‍ട്രോണിനുള്ള സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കുന്നതിനും ഫണ്ട് അനുവദിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അറിയിച്ചു.
