തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ പണികഴിപ്പിച്ച പുതിയ ലബോറട്ടറി മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു നിര്‍വഹിക്കും. വി.കെ.പ്രശാന്ത് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പരിപാടിയില്‍ ശശി തരൂര്‍ എം.പി, മേയര്‍ ആര്യ രാജേന്ദ്രന്.എസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
കിഫ്ബി ഫണ്ടില്‍ നിന്നും 5.9 കോടി ചെലവിട്ട് മൂന്ന് നിലകളിലായി നിര്‍മ്മിച്ച മന്ദിരത്തില്‍ ആറ് ലബോറട്ടറി ബ്ലോക്കുകളാണുള്ളത്. പുതിയ ലൈബ്രറി, ലബോറട്ടറി, ശുചിമുറി ബ്ലോക്കുകള്‍, ക്യാംപസിനകത്തെ റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ 20.76 കോടി രൂപ ചെലവിട്ട് ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്ത ഘട്ട വികസനത്തിന് വേണ്ടി ബഡ്ജറ്റില്‍ 20.77 കോടി രൂപയുടെ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കായി പുതിയ മൂന്ന് നില കെട്ടിടത്തിന്റെയും റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകളുടെയും നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. മുടങ്ങിക്കിടക്കുന്ന പാര്‍ട്ടൈം ഡിപ്ലോമ കോഴ്സ് പുനരാരംഭിക്കുന്നതിനുള്ള നടപടികളും അവസാനഘട്ടത്തിലാണ്.
1958ല്‍ രൂപീകരിച്ച സെന്‍ട്രല്‍ പോളിടെക്നിക് 1967ലാണ് നെട്ടയത്തെ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത്. 21 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ക്യാംപസില്‍ ടെക്സ്റ്റൈല്‍ ടെക്നോളജി, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് തുടങ്ങിയ വിഭാഗങ്ങളിലായി ഏകദേശം 1200 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.