ഡാം തുറക്കേണ്ട അടിയന്തിര സാഹചര്യം ഇപ്പോഴില്ലെന്നും സ്ഥിതി നേരിടാന്‍
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്തില്‍ നടത്തിയ ഒരുക്കങ്ങള്‍
ശ്ലാഘനീയമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു.
ചൊവ്വാഴ്ച ഒരു മണിക്കൂറില്‍ ശരാശരി 0.02 അടി വെള്ളമാണ് വര്‍ധിച്ചത്. കഴിഞ്ഞ
17 മണിക്കൂറില്‍ 0.44 അടിയുടെ വര്‍ധന മാത്രമാണ് ഉണ്ടായത്. ജനങ്ങള്‍
ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല എന്ന് മന്ത്രി വ്യക്തമാക്കി. മുന്‍കൂട്ടി
അറിയിപ്പ് നല്‍കിയശേഷമേ ട്രയല്‍ റണ്‍ നടത്തുകയോ ഷട്ടറുകള്‍
തുറന്നുവിടുകയോ ചെയ്യുകയുള്ളൂ. ചെറുതോണി പട്ടണത്തിലെ ചെക്ക് ഡാം മൂലം
ഒഴുക്കിന് തടസമുണ്ടായാല്‍ ട്രയല്‍ റണ്‍ നടത്തുന്ന വേളയില്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കും. ചെറുതോണി ഡാം മുതല്‍ പനങ്കുട്ടിവരെയുള്ള
പ്രദേശങ്ങളില്‍ ഒഴുക്കു തടസപ്പെടുത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കും. ലോവര്‍
പെരിയാറിലെയും ഇടമലയാറിലെയും വെള്ളം ഭൂതത്താന്‍ കെട്ടില്‍ എത്തിയാല്‍
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിയും.
റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ, ജില്ലാ പോലീസ്
മേധാവി കെ.ബി വേണുഗോപാല്‍, വിവിധ വകുപ്പു തലവന്മാര്‍ എന്നിവരുമായി
ഒരുക്കങ്ങള്‍ സംബന്ധിച്ച പുരോഗതി മന്ത്രി ചര്‍ച്ചചെയ്തു. തുടര്‍ന്ന് മന്ത്രി
ചെറുതോണി ഡാമിലെ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി
പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ഇടുക്കി ആര്‍.ഡി.ഒ എം.പി വിനോദ്, ഇറിഗേഷന്‍
വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം.എ സെബാസ്റ്റ്യന്‍, ഡാം സേഫ്റ്റി വിഭാഗം
എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എസ്.ബാലു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്
എന്‍ജിനീയര്‍ അലോഷി, അസിസ്റ്റന്റ് എന്‍ജിനീയര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.