ഗ്രാമീണമേഖലയില്‍ ദാരിദ്രനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് സൂക്ഷ്മസംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി ഭാരതസര്‍ക്കാര്‍ രൂപംകൊടുത്ത സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിക്ക് ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടതിന്‍്റെ ആഹ്ലാദത്തിലാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. കൊടകര ബ്ലോക്കിലെ 7 പഞ്ചായത്തുകളിലായി 4 വര്‍ഷത്തിനകം 1746 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് സംരംഭകത്വ പദ്ധതി ലക്ഷ്യമിടുന്നത്. 5.29 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.പ്രാദേശിക തലത്തില്‍ വ്യത്യസ്ഥ സംരംഭങ്ങള്‍ തുടങ്ങി അതുവഴി വിപണിയുടെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും വികസനമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
വിവര -വിജ്ഞാന -സംവേദന മേഖലകള്‍, ശുചിത്വം, കുടിവെള്ളം, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ തുടങ്ങിയ മേഖലകളില്‍ സംരംഭത്വം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. സംരംഭകത്വ പരിശീലനവും സ്കില്‍ പരിശീലനവും പൂര്‍ത്തിയാക്കിവരെയാണ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് തിരഞ്ഞെടുക്കുക. സംരംഭകരെ സഹായിക്കുന്നതിന് പരിശീലനം ലഭിച്ച മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. 9 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ സംരംഭം ആരംഭിക്കുന്നതിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കും. സംരംഭം ആരംഭിച്ചതിനുശേഷവും പരിശീലനം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്കായി ഇവരുടെ സേവനം തേടാം. ജില്ലയില്‍ പരീശീലനം ലഭിച്ച 16 മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടമായി വിവിധ പഞ്ചായത്തുകളില്‍ 33 സംരംഭങ്ങള്‍ തുടങ്ങി. ഈ വര്‍ഷം 200 പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. അടുത്ത രണ്ടുവര്‍ഷം 500 സംരംഭങ്ങള്‍ വീതവും അവസാന വര്‍ഷം 546 സംരംഭങ്ങളുമാണ് തുടങ്ങുക. കുടുംബശ്രീയില്‍ അംഗങ്ങളായവര്‍ക്കും അവര്‍ ഉള്‍പ്പെടുന്ന ചെറു ഗ്രൂപ്പുകള്‍ക്കുമാണ് ഇതില്‍ പങ്കാളിത്തം ലഭിക്കുക. സംരംഭങ്ങള്‍ക്കാവശ്യമായ മൂലധനം ചുരുങ്ങിയ പലിശനിരക്കില്‍ ബാങ്കുകള്‍ വഴി ലഭ്യമാക്കുന്നതിനും സംരംഭങ്ങള്‍ക്കാവശ്യമായ വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനും മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ സഹായിക്കും. ഗ്രാമീണ മേഖലയിലെ ദാരിദ്രനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന പദ്ധതിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.
