പന്തളം നേച്ചര്‍ ബാഗ് ഇനി ഇ-ബ്രാന്‍ഡിലും ഇ-സെയില്‍സിലും. കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പന്തളം നഗരസഭ കമ്യൂണിറ്റി ഡെവലെപ്മെന്റ് സൊസൈറ്റിയിലെ അഞ്ച് വനിതകള്‍ ചേര്‍ന്ന് ആരംഭിച്ച നേച്ചര്‍ ബാഗ് ആന്‍ഡ് ഫയല്‍സ് യൂണിറ്റാണ് ഇ-മാര്‍ക്കറ്റിംഗ് രംഗത്തേക്ക് കടക്കുന്നത്. ഇതിനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞതായി കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന് പറഞ്ഞു. വനിതകളെ തൊഴില്‍ പരിശീലിപ്പിച്ച് ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുകയാണ് പന്തളം കുടുംബശ്രീയുടെ കീഴിലുള്ള തൊഴില്‍ പരിശീലന കേന്ദ്രം. പ്രകൃതിയോടിണങ്ങി നില്ക്കുന്ന പേപ്പര്‍ ബാഗുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഇവിടെ പരിശീലനം നല്കുന്നു. മുളമ്പുഴയിലുള്ള നേച്ചര്‍ ബാഗ്സ് ആന്‍ഡ് ഫയല്‍സ് എന്ന കുടുംബശ്രീ സംരംഭത്തിലാണ് ജില്ലാ മിഷന് വഴി പരിശീലനം നല്‍കുന്നത്. ഷോപ്പ്ക്ലൂസ്.കോം , സ്നാപ്ഡീല്‍, കുടുംബശ്രീ ഇ-ഷോപ്പ് എന്നിവ വഴിയാണ് വിപണനം ഉദ്ദേശിക്കുന്നത്. പലവിധ അളവുകളില്‍ തുണികള്‍, കംപ്യൂട്ടര്‍ ബാഗുകള്‍, സ്കൂള്‍ കോളേജ് ബാഗുകള്‍, പരിസ്ഥിതി-സൗഹൃദ തുണി ബാഗുകള്‍ തുടങ്ങിയവയാണ് ഇ-മാര്‍ക്കറ്റ് വഴി ലഭ്യമാകുന്നത്. ആധുനിക സജ്ജീകരണങ്ങളോട് കൂടി തുടങ്ങിയിരിക്കുന്ന ഇ-യൂണിറ്റാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതിയില്‍ ജില്ലാ ഭരണകൂടത്തിന്റെ തുണി സഞ്ചി നിര്‍മിച്ചു നല്‍കുന്നത്. ലോട്ടറി ഏജന്റുമാരുടെ യൂണിഫോം വിവിധ സര്‍ക്കാര്‍ സംഘടനകളുടെ പരിപാടികള്‍ക്കുള്ള ബാഗുകള്‍ തുടങ്ങിയവയും യൂണിറ്റില്‍ നിന്ന് നല്‍കുന്നുണ്ട്. കംപ്യൂട്ടര്‍ വല്ക്കരിക്കപ്പെട്ട തയ്യല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് സമയബന്ധിതമായി ഉത്പന്നങ്ങള്‍ നല്കുവാന് ഈ യൂണിറ്റിന് ശേഷിയുണ്ട്. കുടുംബശ്രീയുടെ സംരംഭകത്വവികസനത്തിന്റെ ഭാഗമായി പുതിയ സംരംഭകര്‍ക്ക് പരിശീലനം നല്കുന്ന ഏജന്‍സിയായി ഈ യൂണിറ്റ് മാറി കഴിഞ്ഞു. നിലവില്‍ 35 പേര് പരിശീലനം നേടി. കുടനിര്മാണത്തിനും പരിശീലനം നല്കി വരുന്നുണ്ട്. കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ലഭ്യമായ ഫണ്ടുപയോഗിച്ച് നേരിട്ട് 22 പേര്‍ക്കും നൂറ്റിയമ്പതോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്കുന്നു. യൂണിറ്റിലെ ഒരാള്‍ക്ക് ശരാശരി 15000 രൂപയില്‍ കൂടുതല്‍ {പതിമാസം വരുമാനം ലഭ്യമാകും. സംസ്ഥാനത്തെ പ്രകൃതിസൗഹൃദമായ ഏറ്റവും നല്ല സ്ത്രീസംരംഭം എന്ന നിലയില്‍ ജൂണ്‍ ആറിന് മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചതോടൊപ്പം ജില്ലയിലെ ഏറ്റവും വലിയ കുടുംബശ്രീ സംരംഭം എന്ന ബഹുമതിയും ഈ യൂണിറ്റിനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ ഒരു അപ്പാരല്‍ പാര്‍ക്കായി മാറാനുള്ള ശ്രമത്തിലാണ് ഈ യൂണിറ്റ്. ഇതിനാവശ്യമായ ഭൗതിക സാമ്പത്തിക സൗകര്യങ്ങള്‍ തയ്യാറാക്കി നല്‍കുന്നതിനുള്ള ശ്രമത്തിലാണ് പന്തളം നഗരസഭ.
