മുവാറ്റുപുഴ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മാറാടി. 21.37 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് മാറാടി, മേമുറി വില്ലേജുകളിലായാണ്. മാറാടി പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് പ്രസിഡന്റ് ഒ.പി ബേബി…
വിദ്യാലയങ്ങള്‍ സ്മാര്‍ട്ട് ആക്കും
പഞ്ചായത്തിന് കീഴിലുള്ള അങ്കണവാടികള്‍, എല്‍ പി, യു പി സ്‌കൂളുകള്‍ എന്നിവ സ്മാര്‍ട്ട് ക്ലാസുകള്‍ ആക്കി മാറ്റും. കുടുംബശ്രീക്ക് ആവശ്യമായ സഹായങ്ങളും പഞ്ചായത്ത് നല്‍കിവരുന്നുണ്ട്.
വാക്‌സിനേഷനില്‍ മുന്നില്‍
കോവിഡ് തരംഗത്തില്‍ കേരളത്തില്‍ തന്നെ ആദ്യം ഡിസിസി ആരംഭിച്ച പഞ്ചായത്താണ് മാറാടി. വാക്‌സിനേഷന്റെ കാര്യത്തിലും മറ്റ് പഞ്ചായത്തുകളെക്കാളും മുന്നിലാണ് മാറാടി. പഞ്ചായത്തില്‍ ഉണ്ടായിരുന്ന പി.എച്ച്.സി, ഫാമിലി ഹെല്‍ത്ത് സെന്റര്‍ ആയി ഉയര്‍ത്തി. അടുത്ത പദ്ധതിവിഹിതത്തില്‍ ആരോഗ്യമേഖലയ്ക്കായി കൂടുതല്‍ തുക മാറ്റിവയ്ക്കാനാണ് തീരുമാനം.
മാലിന്യ സംസ്‌കരണം
മാറാടി പഞ്ചായത്ത് മാലിന്യ സംസ്‌കരണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനവും മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്.
റോഡ് നിര്‍മ്മാണം
റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട 95% ജോലികളും പൂര്‍ത്തീകരിച്ചു. കഴിഞ്ഞ മാസം നടന്ന അവലോകന യോഗത്തില്‍ റോഡ് നിര്‍മാണത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം പഞ്ചായത്തിന് ലഭിച്ചിരുന്നു. കൂടാതെ നികുതിപിരിവില്‍ പഞ്ചായത്തിലെ ചില വാര്‍ഡുകള്‍ 100% ആയിട്ടുണ്ട്.
കൃഷി സംരക്ഷണം
കൃഷിസ്ഥലങ്ങളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി കൃഷിയോഗ്യമാക്കി മാറ്റാന്‍ സാധിച്ചു. കായനാട് വാര്‍ഡില്‍ 20 വര്‍ഷമായി വെള്ളക്കെട്ടിനെ തുടര്‍ന്ന് കൃഷി ചെയ്യാതിരുന്ന 30 ഹെക്ടര്‍ സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കൃഷി ചെയ്യാന്‍ ആരംഭിച്ചു.
കുടിവെള്ള പദ്ധതി
കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ് മാറാടി. പുതിയ ഭരണസമിതി വന്നതിനുശേഷം ആദ്യം എടുത്ത തീരുമാനം പഞ്ചായത്തിന് തനതായ ഒരു കുടിവെള്ള പദ്ധതി എന്നതാണ്. മുനിസിപ്പാലിറ്റിയില്‍ നിന്നും 1996 കാലയളവില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ നിന്നുമാണ് നിലവില്‍ പഞ്ചായത്തില്‍ വെള്ളം ലഭ്യമാവുന്നത്. സമീപത്തുള്ള മറ്റ് പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 220 കോടി രൂപയുടെ പുതിയ കുടിവെള്ള പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അത് നടപ്പിലാക്കിയാല്‍ മാറാടിയിലെ ജലക്ഷാമം പൂര്‍ണമായും മാറുമെന്നാണ് പ്രതീക്ഷ.