ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റും ക്ഷാരസൂത്ര യൂണിറ്റുമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ കൈതാങ്ങ്. നാടി- അസ്ഥി – പേശി- മസ്തിഷ്‌ക രോഗ ചികിത്സകള്‍ക്കും കുട്ടികളുടെ ചലനവൈകല്യങ്ങള്‍, ജീവിത ശൈലി രോഗങ്ങള്‍, വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍, മറ്റ് ശസ്ത്രക്രീയാനന്തര ചികിത്സക്കുമായി ഫിസിയോതെറാപ്പി യൂണിറ്റും പൈല്‍സ്, ഫിസ്തുല രോഗികള്‍ക്കാശ്വാസമായി ഓപ്പറേഷന്‍ കൂടാതെ ശാശ്വതപരിഹാരമാകുന്ന ക്ഷാരസൂത്രം ചികിത്സായൂണിറ്റുമാണ് ജില്ലാ ആയുര്‍വേദാശുപത്രിയില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് സജ്ജമാക്കിയത്. ഇതോടെ വളരെ കുറഞ്ഞ ചിലവില്‍ നിര്‍ ധനരോഗികള്‍ക്ക് ഇവിടുന്ന് കൂടുതല്‍ ചികിത്സ ലഭ്യാമാകും.

ജില്ലാ പഞ്ചായത്തിന്റെ 2020 -21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി മുഖേനയാണ് ഫിസിയോ തെറാപ്പി യൂണിറ്റും ക്ഷാരസൂത്രയൂണിറ്റും ഒരുക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഇക്കുറിയും ഏറ്റവും കൂടുതല്‍ തുക ബജറ്റില്‍ നീക്കിവച്ചതും ആരോഗ്യചികിത്സാ മേഖലയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.എ സോണിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്‍, ആശുപത്രി സിഎംഒ: ഡോ.സി.വൈ. എല്‍സി എന്നിവര്‍ സംസാരിച്ചു.