ജലസംരക്ഷണം ലക്ഷ്യമിട്ട് ‘വാല്‍ക്കിണ്ടി’ പദ്ധതി നടപ്പാക്കാനൊരുങ്ങി അണ്ടൂര്‍ക്കോണം ഗ്രാമ പഞ്ചായത്ത്. ഓഫീസുകള്‍, സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ പൈപ്പുകളിലൂടെ നിയന്ത്രണമില്ലാതെ വെള്ളം ഒഴുകുന്നത് തടയാനാണ് വാല്‍ക്കിണ്ടി പദ്ധതി പ്രോത്സാഹിപ്പിക്കുന്നതെന്ന് അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാര്‍ പറഞ്ഞു.
വേനല്‍ കടുത്തതോടെ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ജലലഭ്യത കുറവാണ്. ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ വെള്ളം പാഴാക്കി കളയരുത് എന്ന ചിന്തയില്‍ നിന്നാണ് പഞ്ചായത്ത് വാല്‍ക്കിണ്ടി പദ്ധതിയ്ക്ക് രൂപം നല്‍കിയത്. പൈപ്പുകളെ അപേക്ഷിച്ച് കിണ്ടിയിലൂടെ കുറഞ്ഞ അളവിലാണ് വെള്ളം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കൈകഴുകുന്നതിനും മറ്റും കിണ്ടി ഉപയോഗിക്കുന്നതിലൂടെ വെള്ളത്തിന്റെ ഉപയോഗം വളരെ കുറയ്ക്കാനാകും. ആദ്യഘട്ടത്തില്‍ പഞ്ചായത്ത് ഓഫീസിലാണ് വാല്‍ക്കിണ്ടി ഉപയോഗം നടപ്പിലാക്കുക. രണ്ടാം ഘട്ടത്തില്‍ സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഇതു കൂടാതെ ജലസംരക്ഷണത്തിനായി ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ട്.