കാര്‍ഷിക മേഖലയുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും മുന്‍തൂക്കം നല്‍കി ബളാല്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23-വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് എം. രാധാമണി അവതരിപ്പിച്ചു.
വെള്ളരിക്കുണ്ട് ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മാണത്തിനായി 4.5 കോടി രൂപയും ബളാല്‍ സാംസ്‌കാരിക നിലയത്തിന്റെ പുതിയ കെട്ടിടനിര്‍മ്മാണത്തിനായി 41 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. കനകപ്പള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ശ്മശാനത്തിന്റെ പ്രവര്‍ത്തിപൂര്‍ത്തീകരിച്ചു കൊണ്ട് സംസ്‌കാരത്തിനായി തുറന്നു കൊടുക്കുവനായി 65 ലക്ഷം രൂപയും വകയിരുത്തി. ഉദ്പാദന മേഖലയിലെ പദ്ധതികള്‍ക്കായി 1.27 കോടി രൂപയും തൊഴിലുറപ്പ് പദ്ധതികള്‍ക്കായി 8.62 കോടി രൂപയും സേവനമേഖലയിലെ പദ്ധതികള്‍ക്കായി 4.56 കോടി രൂപയും പശ്ചാത്തല മേഖലയ്ക്കായി 14.9 കോടി രൂപയും വകയിരുത്തി.
പഞ്ചായത്തിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തി റോഡുകള്‍ പുനരുദ്ധരിച്ച് ഉന്നത നിലവാരത്തിലേക്ക് എത്തിക്കുവാനായി ഓടകള്‍ നിര്‍മ്മിക്കുവാനുമായി 6.82 കോടി രൂപയും വകയിരുത്തി. നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും വാതില്‍പ്പടി സേവനത്തിനും അതിദാരിദ്രം പദ്ധതികള്‍ക്കായും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കൊന്നക്കാട് പിഎച്ച്‌സിയുടെ കെട്ടിടനിര്‍മ്മാണത്തിനായി പഞ്ചായത്തിന്റെയും എന്‍എച്ച് എമ്മിന്റെയും ഫണ്ട് ഉപയോഗിച്ച് കൊണ്ട് ഒരു കോടി ആറുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ വീടുകളും തെരുവുകളും വൃത്തിയായയും വെടിപ്പായും സംരക്ഷിക്കുകയും വ്യക്തികള്‍ക്കും പൊതു ഇടങ്ങളിലും ശുചി മുറികള്‍ നിര്‍മിച്ചു കൊണ്ട് സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി ബളാല്‍ പഞ്ചായത്തിനെ മാറ്റുവാനും ബജറ്റില്‍ തുക വകയിരുത്തി.
തൊഴിലുറപ്പ് പദ്ധതിയുടെയും ശുചിത്വമിഷന്റെയും ഫണ്ട് ഉപയോഗിച്ച് സോക്കാപിറ്റ്, റിംഗ് കമ്പോസ്റ്റ്, കിച്ചന്‍ ബിന്‍ തുടങ്ങിയ ശുചിത്വ പദ്ധതികളും പഞ്ചായത്ത് ലക്ഷ്യമിടുന്നു. കോട്ടഞ്ചേരി എടക്കാനം, പള്ളത്ത് മല, മരുതോം എന്നിവിടങ്ങളിലെ ടൂറിസം വികസനം സ്വകാര്യ സംരംഭകരുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നതിനും ലൈഫ് പദ്ധതിയുടെ പാര്‍പ്പിടമില്ലാത്ത പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കുന്നതിനും വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ ജലജീവന്‍ പദ്ധതിയിലൂടെ 1200 ഓളം കുടുംബങ്ങളില്‍ കുടിവെള്ളത്തിനായി ടാപ്പ് സ്ഥാപിക്കുന്നതിനും കുടിവെള്ള വിതരണത്തിനായുള്ള ജലനിധി പദ്ധതി കാര്യക്ഷമമാക്കി 1500 ഓളം കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനും ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയം അധ്യക്ഷനായിരുന്നു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലക്‌സ് നെടിയകാലയില്‍, ടി. അബ്ദുല്‍ കാദര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ് , സി. രേഖ, സെക്രട്ടറി രജീഷ് കാരായില്‍ തുടങ്ങിയവരും ബജറ്റ് യോഗത്തില്‍ പങ്കെടുത്തു.
