പതിനഞ്ചു വര്‍ഷമായി സെയില്‍സ് മേഖലയിലുള്ള ഷീന സജീവിന് തന്റെ തൊഴിലില്‍ പുലര്‍ത്തുന്ന ആത്മാര്‍ഥതയ്ക്കുള്ള നേട്ടമാണ് സെയില്‍സ് വുമണിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം. കോട്ടയം സ്വദേശിനിയായ ഷീന സജീവ് തെള്ളകത്തുള്ള പ്രീമിയം ഹോണ്ട കാര്‍ ഷോറൂമില്‍ സീനിയര്‍ സെയില്‍സ് കണ്‍സല്‍ട്ടന്റാണ്.
സ്ഥാപനത്തിലെ മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള പുരസ്‌കാരം നിരവധി തവണ ഷീന കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനാല്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ തന്നെയാണ് പുരസ്‌കാരത്തിനായി ലേബര്‍ ഓഫീസര്‍ക്ക് ഷീനയുടെ അപേക്ഷ അയച്ചത്. ഓഫീസില്‍ നിന്നും കുടുംബത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയും ഷീനയ്ക്ക് പുരസ്‌കാരം കൈപ്പിടിയിലൊതുക്കാന്‍ സഹായകരമായി.
പുരസ്‌കാരം നേടാനായത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഷീന കരുതുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനം ചരിത്രത്തില്‍ ഇടം പിടിക്കുമെന്നും പുരസ്‌ക്കാരം തൊഴിലിനെ മഹത്വവത്കരിക്കുകയാണെന്നും ഷീന പറഞ്ഞു.