രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി നടപ്പാക്കുന്ന കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഓക്സിജന്‍ പ്ലാന്റ് ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നാടിന് സമര്‍പ്പിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയാകും. ഡി.ഐ.സി ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മെഡിക്കല്‍ ഓക്സിജന്റെ ആദ്യ ഓര്‍ഡര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിക്കും. വ്യവസായ ഓക്സിജന്റെ ആദ്യ ഓര്‍ഡര്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ സ്വീകരിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്തിന്റെ കുടുംബശ്രീ റിവോള്‍വിങ് ഫണ്ട് 1.80 ലക്ഷം രൂപ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിതരണം ചെയ്യും. ചടങ്ങില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ച് ഏറ്റെടുത്ത് കോവിഡ് ബാധിതരെ സഹായിച്ച കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് ഓണേഴ്സ് അസോസിയേഷന്‍, ക്വാളിറ്റി ട്രേഡേഴ്സ് കാസര്‍കോട്, ബിജു ട്രേഡേഴ്സ് കാസര്‍കോട്, കെയര്‍ സിസ്റ്റം കൊച്ചി, നിര്‍മ്മിതി കേന്ദ്രം എന്നീ സ്ഥാപനങ്ങളെ അനുമോദിക്കും.
ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലവും 1.27 കോടി രൂപയും ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി മാറ്റിവെച്ചു. ജില്ലയിലെ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നുമായി ലഭിച്ച തുകയും ചേര്‍ത്ത് 2.97 കോടി രൂപയാണ് ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയിലാണ് പദ്ധതി.
പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിച്ച കാസര്‍കോട് ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിനായിരുന്നു. പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മ്മിതികേന്ദ്രമാണ് നടപ്പിലാക്കിയത്. ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍.
സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ തന്നെ ഒരു ഓക്സിജന്‍ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ദിവസം 200 സിലിണ്ടര്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റില്‍ നിന്നും മെഡിക്കല്‍ ആവശ്യത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ചുരുങ്ങിയ നിരക്കില്‍ ഓക്സിജന്‍ ലഭ്യമാക്കുമെന്നും ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെല്ലാം ഇവിടെ നിന്ന് ഓക്സിജന്‍ വാങ്ങുന്നതരത്തില്‍ കരാര്‍ ഉണ്ടാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ പ്ലാന്റ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതെന്നും ഇത് ജില്ലയുടെ ആരോഗ്യ മേഖലയിലെ വലിയ വികസനമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.