രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ 3.41 കോടിയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷിമേഖലകളിലായി 861 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. 50.3 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. ഏപ്രില്‍ മൂന്ന് മുതലുള്ള കണക്കാണിതെന്ന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ കെ.എം രാജു അറിയിച്ചു. 41.01 ഹെക്ടര്‍ പ്രദേശത്തെ വാഴ, 8.2 ഹെക്ടര്‍ പച്ചക്കറി കൃഷി, 0.91 ഹെക്ടര്‍ റബര്‍, 0.14 ഹെക്ടര്‍ നാളികേരം, 0.04 ഹെക്ടര്‍ വെറ്റില എന്നിങ്ങനെയാണ് വിളകളുടെ നാശനഷ്ടക്കണക്ക്.
ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലായാണ് വീടുകള്‍ തകര്‍ന്നത്. 20 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളില്‍ എട്ട് വീടുകള്‍ വീതവും കാട്ടാക്കട താലൂക്കില്‍ മൂന്ന് വീടുകളും വര്‍ക്കല താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു.