കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികവര്‍ഗ ഊരു മൂപ്പന്മാരുടെ യോഗം ചേര്‍ന്നു. ഏതൊക്കെ മേഖലയില്‍ വികസനങ്ങള്‍ എത്തിച്ചേരേണ്ടതുണ്ടെന്ന് വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പരിധിയിലെ പട്ടികവര്‍ഗ കോളനികളിലെ ഊരുമൂപ്പന്മാരുടെ യോഗം സംഘടിപ്പിച്ചത്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് ജെന്‍ഡര്‍ ബഡ്ജറ്റ് ആണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്. പട്ടികവര്ഗകോളനികള് നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ഒരു അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആദ്യപടിയായാണ് പട്ടികവര്‍ഗ ഊരു മൂപ്പന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. യോഗം കോഴിമല രാജാവ് രാമന് രാജമന്നാന് ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ അധ്യക്ഷത വഹിച്ചു.
പാര്‍ശ്വവത്കരിക്കപ്പെട്ട ജന സമൂഹത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു വേദി ഒരുക്കിയതിന് കോഴിമല രാജാവ് ബ്ലോക്ക് പഞ്ചായത്തിനെ അഭിനന്ദിച്ചു. സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ പറഞ്ഞു. പട്ടികവര്ഗകോളനികള് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികള്‍ മാത്രം സഹകരിച്ചാല്‍ പോര, അതിന് ഊരുമൂപ്പന്മാര് കൂടി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ മേമാരി കോളനി അവികസിത മേഖലകളില്‍ ഒന്നാണെന്നും വിഷയം പീരുമേട് എംഎല്‍എ വാഴൂര്‍ സോമനുമായി സംസാരിച്ചെന്നും മേമാരി കോളനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എ എല്ലാ വിധ പിന്തുണയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എംഎല്‍എ കോളനി സന്ദര്‍ശിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.
തൊഴിലുറപ്പ് വേതനം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം, റോഡ്, കുടിവെള്ള പ്രശ്നം, കമ്മ്യൂണിറ്റി ഹാള്‍, പഠിച്ച കുട്ടികള്‍ക്ക് തൊഴില്‍, പദ്ധതി നടപ്പിലാക്കുമ്പോള്‍ ഊരു മൂപ്പന്മാരോട് കൂടി ആലോചിക്കണം, സ്കോളര്‍ഷിപ്പ് കാലത്തമസമില്ലാതെ അനുവദിക്കുക, പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്നവര്‍ക്ക് ലാപ്ടോപ് അനുവദിക്കുക, കൃഷിയ്ക്ക് ആവശ്യമായ ആയുധങ്ങള്‍, ജലസേചന പമ്പ് സെറ്റുകള്‍, തൈകള്‍, വളം മുതലായവ അനുവദിക്കുക, വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക, ആരോഗ്യം, ഭവന നിര്‍മ്മാണം, മെയിന്റനന്‍സ് മുതലായവ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
സമഗ്ര കോളനി വികസനം, ദാരിദ്ര്യദൂരീകരണം, തൊഴില്‍ സാധ്യത വളര്‍ത്തിയെടുക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മുതലായവ വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.