ലിംഗാധിഷ്ഠിത അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ കാലിക പ്രസക്തി വിളിച്ചോതി എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ സെമിനാറുകൾക്ക് തുടക്കം. തേക്കിൻകാട്  മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടന്ന സെമിനാറുകളുടെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ   ലിംഗാധിഷ്‌ഠിത അതിക്രമങ്ങൾ എന്ന വിഷയത്തിലാണ് ആദ്യ സെമിനാർ നടന്നത്. സ്ത്രീകളെ ബഹുമാനിക്കുന്ന തരത്തിൽ ഭരണനിർവഹണത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ ഉണ്ടാകുമ്പോഴാണ് ലിംഗാധിഷ്‌ഠിത അതിക്രമങ്ങൾ തടയാനാകൂ എന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. സാമൂഹിക – സാമ്പത്തിക വ്യവസ്ഥ ഒരു പ്രധാന ഘടകമാണ്. ഇത്തരം അതിക്രമങ്ങളെ തടയാൻ നിയമാനുസൃത സാധ്യതകളെ പ്രയോജനപ്പെടുത്തണം.
സ്ത്രീ സുരക്ഷയ്ക്ക് സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. സ്ത്രീകളെ ബഹുമാനിക്കുന്ന ലിംഗാധിഷ്‌ഠിത  വേർതിരിവില്ലാത്ത ഒരു സമൂഹത്തെ  സൃഷ്ടിക്കാൻ  നമുക്ക് ഓരോരുത്തർക്കും കടമയുണ്ടെന്നും എംഎൽഎ പറഞ്ഞു.

കുടുംബശ്രീ  സംസ്ഥാന റിസോഴ്സ് പേഴ്സൺ  വി എൽ സാവിത്രി സെമിനാറിന് നേതൃത്വം നൽകി. കുടുംബങ്ങളിലും സമൂഹത്തിലും സ്ത്രീകൾ അനുഭവിക്കുന്ന  അതിക്രമങ്ങളെകുറിച്ച് സെമിനാർ ചർച്ച ചെയ്തു. ഒരു സ്ത്രീ ഏതൊക്കെ തരത്തിലാണ് അതിക്രമങ്ങൾക്ക് വിധേയരാകുന്നതെന്ന അവബോധം  പകർന്നു നൽകുന്ന വിഷയങ്ങളും സെമിനാറിൽ ഉൾപ്പെടുത്തി.

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന എൻ്റെ കേരളം  പ്രദർശന വിപണന മേളയോട് അനുബന്ധിച്ചാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൾ കരീം അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ഇൻ ചാർജ് രാധാകൃഷ്ണൻ, ജില്ലയിലെ വിവിധ കുടുംബശ്രീ അംഗങ്ങൾ, കമ്മ്യൂണിറ്റി ലീഡേഴ്സ്,  കുടുംബശ്രീ ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവരും  പങ്കെടുത്തു.